
അഹമ്മദാബാദ്: ഗുജറാത്തിൽ 24 മണിക്കൂറിനിടെ 394 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോട് കൂടി സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 7797 ആയി. ഇത് വരെ 472 പേരാണ് ഗുജറാത്തിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് വരെ 2091 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി ദിവസേന 400ലേറെ കേസുകൾ സ്ഥിരീകരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഗാന്ധിനഗറിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
സ്ഥിതി ഗുരുതരമായി തുടരുന്ന അഹമ്മദാബാദിൽ എയിംസ് ഡയറക്ടർ രൺദിപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള സംഘം പഠനം തുടങ്ങി. ഗുജറാത്തിലെ കേസുകളിൽ 71 ശതമാനവും അഹമ്മദാബാദിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എയിംസിൽ നിന്നുള്ള ഡോക്ടര്‍മാര്‍ ഗുജറാത്തിൽ എത്തിയത്. എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലെത്തിയ ഡോ. രണ്‍ദീപും മനീഷ് സുരേജയും അഹമ്മദാബാദിലെ സിവില്‍ ആശുപത്രി സന്ദര്‍ശിച്ച് ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. നഗരത്തിലെ എസ് വി പി ആശുപത്രിയിലും സന്ദര്‍ശനം നടത്തി.
ഗുജറാത്ത് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയുമായും സംഘം ആശയവിനിമയം നടത്തി. മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.
ഭയം കാരണം ഗുജറാത്തില്‍ ആളുകള്‍ കൊവിഡ് പരിശോധനക്ക് ആശുപത്രിയിലെത്തുന്നില്ലെന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. രോഗികള്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ എന്തൊക്കെ സൗകര്യം ചെയ്ത് കൊടുക്കാമെന്നതിനെപ്പറ്റി ഡോക്ടര്‍മാരുമായി സംസാരിച്ചെന്നും ഡോ. ഗുലേറിയ പറഞ്ഞു.