കൊവിഡ് 19: മുന്‍കരുതലുകള്‍ കടുപ്പിച്ച് രാജ്യം; തുറമുഖങ്ങളിലും രാജ്യാതിര്‍ത്തികളിലും പരിശോധന കര്‍ശനം

By Web TeamFirst Published Mar 9, 2020, 8:21 AM IST
Highlights

രോഗബാധിതര്‍ കൂടുതലുള്ള ദില്ലി ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മേഖലയിലെ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കി. ദില്ലിയിലെ ബസുകള്‍, മെട്രോ, ആശുപത്രികളെന്നിവ പ്രതിദിനം അണുവിമുക്തമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ദില്ലി: കൊവിഡ് 19 ല്‍ പരിശോധനകളും മുന്‍കരുതല്‍ നടപടികളും കടുപ്പിച്ച് രാജ്യം. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേരുള്‍പ്പടെ അഞ്ച് പേര്‍ക്ക് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും രാജ്യാതിര്‍ത്തികളിലെയും പരിശോധനകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 52 പരിശോധനാ ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്. 

രോഗബാധിതര്‍ കൂടുതലുള്ള ദില്ലി ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ മേഖലയിലെ സംസ്ഥാനങ്ങളും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കി. ഉന്നത തല യോഗം വിളിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദില്ലിയിലെ ബസുകള്‍, മെട്രോ, ആശുപത്രികളെന്നിവ പ്രതിദിനം അണുവിമുക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ലഡാക്കിലും കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കി. പഞ്ചാബിലും പ്രതിരോധ നടപടികള്‍ക്ക് ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. അമേരിക്കന്‍ സന്ദര്‍ശകര്‍ക്ക് ഭൂട്ടാനില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അരുണാചല്‍ പ്രദേശില്‍ വിദേശികള്‍ക്ക് നല്‍കുന്ന സന്ദര്‍ശന പെര്‍മിറ്റ് താത്കാലികമായി നിര്‍ത്തി.

അതേസമയം, വീണ്ടും രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് 19 രോഗം സംശയിക്കുന്ന അഞ്ച് പേരുടെ സാമ്പിൾ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികളുമായി അടുപ്പം പുലർത്തിയവരുടെ പുതിയ പട്ടിക ഇന്ന് തയ്യാറാക്കും. 150 പേരുടെ പ്രാഥമിക പട്ടിക ഇന്നലെ തയ്യാറാക്കിയിരുന്നു. ഇവർ സന്ദർശിച്ച ആളുകൾ ആരൊക്കെ ആയി ഇടപഴകി എന്നുൾപ്പെടെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. 

Also Read: കൊവിഡ് ജാഗ്രതയിൽ കേരളം: പത്തനംതിട്ടയിൽ രോഗം സംശയിക്കുന്ന അഞ്ച് പേരുടെ പരിശോധനാഫലം ഇന്നറിയാം

click me!