രാജ്യത്ത് കൊവിഡ് മരണം 79 ആയി, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ഒന്‍പത് മണിക്ക്

By Web TeamFirst Published Apr 5, 2020, 5:48 PM IST
Highlights

ആരും വീടിന് പുറത്തിറങ്ങരുത്, വീട്ടിലെ  ലൈറ്റുകള്‍ മാത്രം അണക്കുക. അതേസമയം ഗൃഹോപകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം

ദില്ലി: കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ രാത്രി ഒന്‍പത് മണിക്ക്. ഇന്ത്യയിലെ വിദേശ എംബസികളും ദീപം തെളിക്കും. ജനത കര്‍ഫ്യൂവിലെ പിന്തുണ ദീപം തെളിക്കലിലും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആരും വീടിന് പുറത്തിറങ്ങരുത്, വീട്ടിലെ  ലൈറ്റുകള്‍ മാത്രം അണക്കുക. അതേസമയം ഗൃഹോപകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ വഴിവിളക്കുകള്‍ കെടുത്തുകയോ അവശ്യസര്‍വ്വീസുമായി ബന്ധപ്പെട്ട വൈദ്യുതി വിതരണം നിര്‍ത്തുകയോ ചെയ്യരുതെന്ന് ദീപം തെളിക്കലിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഭൂട്ടാന്‍, ഇസ്രായേല്‍ തുടങ്ങിയ എംബസികളിലും ദീപം തെളിക്കും. 

പ്രതിപക്ഷ വിമര്‍ശനം ഉയരുന്നിതിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,മമത ബാനര്‍ജി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കൊവിഡില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മുന്‍രാഷ്ട്രപതിമാരായ പ്രണബ് മുഖര്‍ജി, പ്രതിഭ പാട്ടീല്‍ എന്നിവരോടും പ്രധാനമന്ത്രി വിശീകരിച്ചു.

രാജ്യത്ത് കൊവിഡ് മരണം 79 ആയെന്ന് വ്യക്തമാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയം മര്‍ക്കസ് സമ്മേളനം കേസുകള്‍ ഇരട്ടിയാക്കിയെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തെ 274 ജില്ലകളെയാണ് കൊവിഡ് ബാധിച്ചത്. 3030 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ബുധനാഴ്ചയോടെ കൂടുതല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കുമെന്നാണ് വിവരം. രോഗം വായുവിലൂടെ പകരുമെന്ന പ്രചരണമുണ്ടായെങ്കിലും ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. അതേ സമയം രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകരിലും രോഗം  വ്യാപിക്കുകയാണ്. രാജ്യത്താകെ അറുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

click me!