ആരോഗ്യപ്രവർത്തകരുടെ കൊവിഡ് ഇൻഷൂറൻസ് നിർത്തുന്നതിൽ രോഷം, ചർച്ച തുടരുന്നെന്ന് കേന്ദ്രം

By Web TeamFirst Published Apr 19, 2021, 1:51 PM IST
Highlights

മാർച്ച് 24-ന് നിലവിലെ ഇൻഷൂറൻസ് പദ്ധതി അവസാനിപ്പിക്കുന്നുവെന്ന് കാട്ടി സംസ്ഥാനങ്ങൾക്ക് നൽകിയ കത്ത് പുറത്തുവന്നതോടെ പ്രതിരോധത്തിലായ കേന്ദ്രസർക്കാർ ഇപ്പോഴും ഇൻഷൂറൻസ് കമ്പനിയുമായി ചർച്ച തുടരുകയാണെന്നാണ് വ്യക്തമാക്കുന്നത്. 

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സിന്‍റെ കാലാവധി ശനിയാഴ്ചയോടെ അവസാനിപ്പിക്കുന്നതില്‍ രോഷം ശക്തമാകുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്‍പത് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്‍ഷൂറന്‍സ് അവസാനിപ്പിച്ചിട്ടില്ലെന്നും കമ്പനികളുമായി ചര്‍ച്ച തുടരുകയാണെന്നുമാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് മാർച്ച് 24-ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിവാദ ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ ഇന്‍ഷൂറന്‍സിന്‍റെ കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് 24-ന് അവസാനിപ്പിച്ചെന്നും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തര്‍ക്ക് ഈ മാസം24 വരെ സമയം അനുവദിക്കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. തുടര്‍ന്നങ്ങോട്ട് എന്ത് എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.

287 ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് ഇതിനോടകം പദ്ധതിയുടെ ആനുകൂല്യം കിട്ടി. ഇക്കാലയളവില്‍ 313 ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചുവെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് ആനുകൂല്യം നേടാനുള്ള സാവകാശമാണ് നല്‍കിയിരിക്കുന്നത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ മനോധൈര്യം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്ന വിമര്‍ശനം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധിയുടെ കേന്ദ്ര നിലപാടിനെതിരെ രംഗത്ത് വന്നു. നന്ദികെട്ടവര്‍ എന്നാണ് ട്വീറ്റില്‍ രാഹുല്‍ കേന്ദ്രത്തെ വിശേഷിപ്പിച്ചത്. 

അതേസമയം, വാക്സീന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക ചെലവ് പരിഗണിച്ചും, രണ്ടാം തരംഗത്തില്‍ രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടാകാവുന്ന തിരിച്ചടി കണക്കിലെടുത്തുമാണ് ഇന്‍ഷൂറന്‍സ് അവസാനിപ്പിക്കാനുള്ള നീക്കമെന്നാണ് സൂചന. വാക്സിനേഷനില്‍ ആരോഗ്യപ്രവർത്തകര്‍ക്ക് മുന്‍ഗണന കിട്ടിയതും പരിഗണിച്ചുവെന്നാണ് വിവരം. അതേ സമയം ഇന്‍ഷൂറന്‍സ് നിര്‍ത്തലാക്കിയ കേന്ദ്രതീരുമാനം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരണവുമായി രംഗത്തെത്തി. ഇന്‍ഷൂറന്‍സ് തുടരുമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് വിശദീകരണം. 

click me!