ദില്ലി: കഴിഞ്ഞ വർഷം ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട കാലത്ത് വീടുകളിലിരിക്കവേ, പത്രങ്ങളിലൂടെയും വാർത്തകളിലെ ദൃശ്യങ്ങളിലൂടെയും കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന്‍റെ വേദനിപ്പിക്കുന്ന കാഴ്ചകൾ കണ്ടത് മറക്കാത്തവരാണ് നമ്മൾ. അത്തരമൊരു കൂട്ടപ്പലായനത്തിന് വീണ്ടും ദില്ലിയുൾപ്പടെയുള്ള നഗരങ്ങൾ ഒരുങ്ങുകയാണെന്നാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബസ് ടെർമിനലുകൾ നിന്ന് ഉൾപ്പടെയുള്ള ദൃശ്യങ്ങൾ തെളിയിക്കുന്നത്. ദില്ലി ആനന്ദ് വിഹാർ ബസ് ടെർമിനസിൽ നിന്ന് ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഛത്തീസ്‍ഗഢ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ ബസ്സ് കയറിപ്പോവുകയാണ് കുടിയേറ്റത്തൊഴിലാളികൾ അടക്കമുള്ളവർ. രാജ്യത്ത് കൊവിഡ് തരംഗം ആഞ്ഞടിക്കുമ്പോൾ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടേക്കുമോ എന്ന ഭീതിയാണ് ഇവരെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത്. ദില്ലിയിൽ കഴിയുന്ന, യുപിഎസ്‍സി അടക്കമുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കാനെത്തിയ വിദ്യാർത്ഥികളും നേരത്തേ കൂട്ടി നാട്ടിലേക്ക് പോവുകയാണ്.
നിസാമുദ്ദീൻ അടക്കം, പഴയ ദില്ലിയിലെയും ന്യൂദില്ലിയിലെയും റെയിൽവേസ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ നവംബറിലാണ് ആനന്ദ് വിഹാർ ഐഎസ്ബിടി (ഇന്‍റർസ്റ്റേറ്റ് ബസ് ടെർമിനൽ) അടക്കമുള്ള ബസ് ടെർമിനസ്സുകൾ ദില്ലിയിൽ വീണ്ടും തുറന്നത്. അതിന് ശേഷം ഇത്രയധികം പേർ എത്തുന്നത് ഇതാദ്യമാണെന്ന് ബസ് ജീവനക്കാരും പറയുന്നു.
ദില്ലി ബ്യൂറോയിൽ നിന്നുള്ള പ്രത്യേക റിപ്പോർട്ട്:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam