
ദില്ലി: കാശി വിശ്വനാഥ ക്ഷേത്ര കേസിൽ സുന്നി വഖഫ് ബോര്‍ഡും ഹൈക്കോടതിയിലേക്ക്. ഗ്യാൻവ്യാപി മസ്ജിദിൽ പുരാവസ്തുപഠനത്തിനുള്ള ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് അലഹാബാദ് ഹൈക്കോടതിയിൽ സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യം. ക്ഷേത്രങ്ങളുടെയും മസ്ജിദുകളുടെ പേരിലുള്ള രാഷ്ട്രീയം മാറ്റിവെച്ച് കൊവിഡ് കാലത്ത് ജനങ്ങളെ രക്ഷിക്കാനാണ് നടപടി വേണ്ടതെന്ന് ബാബറി മസ്ജിദ് കേസിലെ കക്ഷിയായിരുന്ന മുഹമ്മദ് ഇക്ബാൽ അൻസാരി ആവശ്യപ്പെട്ടു.
ക്ഷേത്രഭാഗങ്ങൾ പൊളിച്ചാണോ കാശി വിശ്വനാഥ ക്ഷേത്രത്തിന് അരുകിൽ ഗ്യാൻവ്യാപി മസ്ജിദ് നിര്‍മ്മിച്ചതെന്ന് പരിശോധിക്കാനാണ് ആര്‍ക്കിയോളജിക്കൽ സര്‍വ്വെ ഓഫ് ഇന്ത്യയോട് വാരാണസി കോടതി ആവശ്യപ്പെട്ടത്. ഉത്തരവിനെ എതിര്‍ത്ത് മസ്ജിദ് മാനേജുമെന്‍റ് കമ്മിറ്റിക്ക് പിന്നാലെയാണ് സുന്നി വഖഫ് ബോര്‍ഡും ഹര്‍ജി നൽകിയത്. 1991ലെ ആരാധാനാലയ നിയമത്തിന്‍റെ ലംഘനമാണ് വാരാണസി കോടതിയുടെ നിര്‍ദ്ദേശം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ല. അങ്ങനെയൊരു തെളിവ് വാരാണസി കോടതിക്കുമുമ്പിലും എത്തിയിട്ടില്ല. വിശ്വാസികളുടെ മൗലിക അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് കോടതി ഉത്തരവെന്നും ഉടൻ പുരാവസ്തു പഠനത്തിനുള്ള നിര്‍ദ്ദേശം സ്റ്റേ ചെയ്യണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെടുന്നു.
അയോദ്ധ്യ കേസിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളൊന്നും കണ്ടെത്തിയതിന് തെളിവില്ലെന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. പ്രശ്നപരിഹാരത്തിനുള്ള ഒരു ഒത്തുതീര്‍പ്പ് എന്ന നിലയിലാണ് തര്‍ക്കഭൂമിയിൽ രാമക്ഷേത്ര നിര്‍മ്മിക്കാനും മസ്ജിദ് പകരം നൽകാനും കോടതി തീരുമാനിച്ചത്. വാദങ്ങൾ ഒന്നാണെങ്കിലും അയോദ്ധ്യയിലെ സാഹചര്യങ്ങൾ കാശിയിൽ ഇല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. പക്ഷെ, അയോദ്ധ്യ പോലെ കാശിയും സംഘപരിവാറിന്‍റെ രാഷ്ട്രീയ നീക്കമാണോ എന്നറിയാൻ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam