ആകാശക്കൊള്ള തടയാൻ കേന്ദ്രം, ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിന് പരിധി, നിരക്കുകൾ ഇങ്ങനെ

By Web TeamFirst Published May 21, 2020, 9:16 PM IST
Highlights

തിങ്കളാഴ്ച മുതൽ മൂന്നിലൊന്ന് വിമാനങ്ങൾക്ക് പ്രവർത്തനം തുടങ്ങാനുള്ള അനുമതിയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം നൽകുന്നത്. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് ആഭ്യന്തരവിമാനസർവീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.

ദില്ലി: തിങ്കളാഴ്ച മുതൽ ആഭ്യന്തരവിമാനസർവീസുകൾ തുടങ്ങാനിരിക്കെ, ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ച് കേന്ദ്രവ്യോമയാനമന്ത്രാലയം. ലോക്ക്ഡൗണിന് ശേഷം ആദ്യമായി വിമാനസർവീസുകൾ തുടങ്ങുമ്പോൾ, തോന്നിയ മാതിരി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഈടാക്കാതിരിക്കാനാണ് അടുത്ത മൂന്ന് മാസത്തേക്ക് ടിക്കറ്റ് വിലയ്ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും അനുയോജ്യമായ രീതിയിലാണ് ടിക്കറ്റ് നിരക്ക് ക്രമീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇവ അടുത്ത മൂന്ന് മാസത്തേക്ക് ബാധകമായിരിക്കും. അതായത് മെയ് 25 മുതൽ ഓഗസ്റ്റ് 24 വരെ. 

തിങ്കളാഴ്ച മുതൽ മൂന്നിലൊന്ന് വിമാനങ്ങൾക്ക് പ്രവർത്തനം തുടങ്ങാനുള്ള അനുമതിയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം നൽകുന്നത്. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷമാണ് ആഭ്യന്തരവിമാനസർവീസുകൾ പ്രവർത്തിക്കാൻ അനുമതി നൽകുന്നത്.

ഇതനുസരിച്ച് ഏഴ് വിഭാഗങ്ങളായി ആഭ്യന്തരവിമാനസർവീസുകളെ തിരിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന സമയമനുസരിച്ചാണ് പ്രധാനമായും ഏഴ് വിഭാഗങ്ങളായി ഇവയെ തിരിച്ചിരിക്കുന്നത്. 

  • കാറ്റഗറി എ - 40 മിനിറ്റിന് താഴെ 
  • കാറ്റഗറി ബി - 40 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ
  • കാറ്റഗറി സി - 60 മിനിറ്റ് മുതൽ 90 മിനിറ്റ് വരെ
  • കാറ്റഗറി ഡി - 90 മിനിറ്റ് മുതൽ 120 മിനിറ്റ് വരെ
  • കാറ്റഗറി ഇ - 120 മിനിറ്റ് മുതൽ 150 മിനിറ്റ് വരെ
  • കാറ്റഗറി എഫ് - 150 മിനിറ്റ് മുതൽ 180 മിനിറ്റ് വരെ
  • കാറ്റഗറി ജി - 180 മിനിറ്റ് മുതൽ 210 മിനിറ്റ് വരെ

ഏറ്റവും കൂടുതൽ തിരക്കേറിയ ദില്ലി - മുംബൈ ഫ്ലൈറ്റുകൾക്ക് യാത്രാനിരക്ക് 3500 മുതൽ 10,000 വരെയായി നിശ്ചയിച്ചിരിക്കുകയാണ്. കൂടിയ വിലയ്ക്ക് ടിക്കറ്റുകൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, എല്ലാ വിഭാഗത്തിലെയും 40 ശതമാനം ടിക്കറ്റുകൾ ശരാശരി തുകയ്ക്ക് മാത്രമേ, അതായത്, കൂടിയ ടിക്കറ്റ് വിലയുടെയും കുറഞ്ഞ ടിക്കറ്റ് വിലയുടെയും ശരാശരി തുകയ്ക്ക് മാത്രമേ, വിൽക്കാവൂ എന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നു. 

പുതുക്കി ഇറക്കിയ പട്ടിക അനുസരിച്ച്, തിരുവനന്തപുരം- ദില്ലി (തിരികെയും) നിരക്ക് കൂടിയ കാറ്റഗറി ജിയിലാണ്. ദില്ലി - കൊച്ചി, കൊച്ചി - ദില്ലി സർവീസുകൾ അതിന് തൊട്ടുതാഴെയുള്ള കാറ്റഗറി എഫിലും. 

ടിക്കറ്റ് വിലയുടെ പട്ടിക ഇങ്ങനെ: (വിഭാഗം, കുറഞ്ഞ ടിക്കറ്റ് നിരക്ക്, കൂടിയ ടിക്കറ്റ് നിരക്ക്)

  • കാറ്റഗറി എ - 2000 - 6000
  • കാറ്റഗറി ബി - 2500 - 7500
  • കാറ്റഗറി സി - 3000 - 9000
  • കാറ്റഗറി ഡി - 3500 - 10,000
  • കാറ്റഗറി ഇ - 4500 - 13,000
  • കാറ്റഗറി എഫ് - 5500 - 15,700
  • കാറ്റഗറി ജി - 6500 - 18,600

കേരളത്തിലേക്കുള്ള സർവീസുകൾ (കാറ്റഗറി തിരിച്ച്)

  • കാറ്റഗറി എ - കൊച്ചി - ബെംഗളുരു, കൊച്ചി - തിരുവനന്തപുരം, ബെംഗളുരു - കൊച്ചി, കോഴിക്കോട് - ബെംഗളുരു
  • കാറ്റഗറി ബി - ബെംഗളുരു - തിരുവനന്തപുരം, ചെന്നൈ - തിരുവനന്തപുരം, കൊച്ചി - ചെന്നൈ, തിരുവനന്തപുരം - ബെംഗളുരു, തിരുവനന്തപുരം - ചെന്നൈ, ഹൈദരാബാദ് - കൊച്ചി, കോഴിക്കോട് - ചെന്നൈ, ബെംഗളുരു - കോഴിക്കോട്, കൊച്ചി - ഗോവ.
  • കാറ്റഗറി സി - അഹമ്മദാബാദ് - കൊച്ചി, ചെന്നൈ - കോഴിക്കോട്, ചെന്നൈ - കൊച്ചി, ഹൈദരാബാദ് - തിരുവനന്തപുരം, തിരുവനന്തപുരം - ഹൈദരാബാദ്.
  • കാറ്റഗറി ഡി - മുംബൈ - തിരുവനന്തപുരം, തിരുവനന്തപുരം - മുംബൈ.
  • കാറ്റഗറി ഇ - കൊച്ചി - അഹമ്മദാബാദ്
  • കാറ്റഗറി എഫ് - കോഴിക്കോട് - ദില്ലി, ദില്ലി - കോഴിക്കോട്, ദില്ലി - കൊച്ചി, കൊച്ചി - ദില്ലി
  • കാറ്റഗറി ജി - തിരുവനന്തപുരം - ദില്ലി, ദില്ലി - തിരുവനന്തപുരം.
click me!