അതിഥി തൊഴിലാളികൾ മടങ്ങുന്നത് ഒഴിവാക്കണം, സംസ്ഥാനങ്ങൾ ഭക്ഷണവും താമസവും നൽകണം: കേന്ദ്രം

By Web TeamFirst Published Mar 28, 2020, 5:22 PM IST
Highlights

സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണനിധിയിൽ നിന്ന് ഇവ‍ർക്ക് ഭക്ഷണവും വെള്ളവും നൽകാനുള്ള പണമെടുക്കാമെന്നും, അതാത് സംസ്ഥാനങ്ങൾ അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം ഒഴിവാക്കണമെന്നും കേന്ദ്രസ‍ർക്കാർ പുറത്തിറക്കിയ ഉത്തരവിൽ.

ദില്ലി: അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനം ഒഴിവാക്കണമെന്നും, അതാത് സംസ്ഥാനങ്ങൾ അവ‍ർക്ക് വേണ്ട താൽക്കാലിക താമസവും, ഭക്ഷണവും, വസ്ത്രവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കേന്ദ്രസർക്കാർ. ഇതിനായി സംസ്ഥാന ദുരന്ത നിവാരണനിധിയിൽ നിന്നുള്ള പണം ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.

സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ നിധിയിൽ നിന്ന് തന്നെ, അതാത് ജില്ലാ ഭരണകൂടങ്ങളെ ഉപയോഗിച്ച് ഇവർക്കായി ഭക്ഷണവും വെള്ളവും താമസവും ഉറപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയോട് ഇങ്ങനെ പലായനം ചെയ്ത് വരുന്ന തൊഴിലാളികൾക്കായി ഭക്ഷണവും വെള്ളവും കരുതണമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും നിർദേശിച്ചിട്ടുണ്ട്. 

അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥിത്തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ആയിരം ബസ്സുകൾ അയക്കുമെന്ന് ഉത്തർപ്രദേശ് വ്യക്തമാക്കി. ദില്ലിയിൽ നിന്ന് യുപിയിലേക്കും ബിഹാറിലേക്കും കൈക്കുഞ്ഞുങ്ങളെയും വൃദ്ധരെയുമെല്ലാം കൂട്ടി ആയിരക്കണക്കിന് അതിഥിത്തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് കാൽനടയായി നിരനിരയായി നടന്നുനീങ്ങുകയാണിപ്പോൾ. ചിലരൊക്കെ ദേശീയപാതാ അതോറിറ്റിയുടെ ടോൾബൂത്തുകളിൽ കുടുങ്ങുന്നുണ്ട്. അവിടെ നിന്ന് മുന്നോട്ടുപോകാൻ പറ്റില്ലെന്ന് അധികൃതർ പറയുമ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ഇന്നലെ ഇത്തരത്തിൽ ദില്ലിയിൽ നിന്ന് കൂട്ടപ്പലായനം തുടങ്ങിയപ്പോൾത്തന്നെ അത് ദേശീയശ്രദ്ധ നേടിയിരുന്നതാണ്. തയ്യാറെടുപ്പില്ലാതെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതെന്ന വിമ‍ർശനം പല ഭാഗങ്ങളിൽ നിന്നുയ‍ർന്നു. കഴിക്കാൻ ഭക്ഷണമോ വെള്ളമോ ഇല്ലാതെ, കൊടുക്കാൻ വാടകയുമില്ലാതെ ദിവസക്കൂലിക്കാരായ പല തൊഴിലാളികളും കിടപ്പാടങ്ങൾ ഉപേക്ഷിച്ച് തിരികെ നടന്നുതുടങ്ങി. 

ഇതോടെ ഇന്ന് രാവിലെ മുതൽ ദില്ലി സ‍ർക്കാർ ഇവർക്കായി അടുത്ത സംസ്ഥാനങ്ങളിലേക്ക് ഡിടിസി ബസ്സുകൾ ഏർപ്പെടുത്തിത്തുടങ്ങി. രാവിലെ എട്ട് മണി മുതലാണ് ഈ ബസ്സുകൾ സർവീസ് നടത്തുന്നത്. ആയിരക്കണക്കിന് പേരാണ് ഇവിടെ ഈ ബസ്സുകൾ കാത്ത് നോയ്ഡ, ഗുരുഗ്രാം അതിർത്തികളിലുമായി കാത്തുകെട്ടിയിരിക്കുന്നത്. പല‍ർക്കും ദില്ലി സർക്കാർ വെള്ളവും ഭക്ഷണവും നൽകി.

ഇപ്പോൾ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അതിഥിത്തൊഴിലാളികളോട് തിരികെപ്പോകരുതെന്നാണ് ആവശ്യപ്പെടുന്നത്. നാല് ലക്ഷം പേ‍ർക്ക് ഭക്ഷണവും വെള്ളവും നൽകാൻ ദില്ലി സർക്കാർ സജ്ജമാണെന്നും അരവിന്ദ് കെജ്‍രിവാൾ വ്യക്തമാക്കുന്നു. അതിർത്തി കടന്നുള്ള യാത്രകൾ ഒഴിവാക്കണം. അത്തരത്തിൽ കൂട്ടത്തോടെ ആളുകൾ പലായനം നടത്തുന്നത് ലോക്ക് ഡൗണിന്‍റെ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുമെന്നും കെജ്‍രിവാൾ. 

പല ഗ്രാമങ്ങളിലും എത്തുന്നവരെ തടയുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതിനാൽ ഗ്രാമാതിർത്തിയിൽത്തന്നെ പലർക്കും നിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കൂട്ടത്തോടെ ദില്ലിയിൽ നിന്ന് ആളുകൾ തിരികെ എത്തുന്നത് ഗ്രാമങ്ങളിൽ രോഗം പടരാൻ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ പോലും ശുഷ്കമായ ഉത്തർപ്രദേശിലെയും ബിഹാറിലെയും ഗ്രാമങ്ങളിൽ രോഗം പടർന്നാൽ എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് സംസ്ഥാനങ്ങളിലെ ഭരണസംവിധാനങ്ങൾ. 

അതിനാൽ ആളുകളെ പലായനം ചെയ്യാൻ അനുവദിക്കരുതെന്നാണ് നിതീഷ് കുമാർ അടക്കമുള്ള മുഖ്യമന്ത്രിമാർ ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ച‍ർച്ചയിൽ ആവശ്യപ്പെട്ടത്.

click me!