മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ്: മലയാളികൾ അടക്കം നിരീക്ഷണത്തിൽ

Published : Mar 30, 2020, 11:50 AM ISTUpdated : Mar 30, 2020, 01:00 PM IST
മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ്: മലയാളികൾ അടക്കം നിരീക്ഷണത്തിൽ

Synopsis

മുംബൈയിൽ നേരത്തേ കൊവിഡ് രോഗികളെ ചികിത്സിച്ച നഴ്സുമാരെയടക്കം മോശമായ സാഹചര്യത്തിൽ ഐസൊലേറ്റ് ചെയ്ത് പാർപ്പിച്ച സംഭവമുണ്ടായിരുന്നു. പിന്നീട് സംസ്ഥാനസർക്കാർ ഇടപെട്ട് മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ട് ഇവരെ മെച്ചപ്പെട്ട മുറികളിലേക്ക് മാറ്റുകയായിരുന്നു.

മുംബൈ: മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ഡോക്ടർ ചികിത്സിച്ചിരുന്ന സൗത്ത് മുംബൈയിലെ ആശുപത്രിയിലെ അതേ നഴ്‍സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് ഇവരുടെ ഒപ്പം ജോലി ചെയ്തിരുന്ന മലയാളികൾ അടക്കമുള്ള സഹപ്രവർത്തകരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കി.

നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. നൂറോളം മലയാളി നഴ്‍സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണിത്. ഇവരിൽ നിലവിൽ രോഗം സ്ഥിരീകരിച്ച നഴ്‍സിന്‍റെ കൂടെ ജോലി ചെയ്യുകയോ, അടുത്ത് സമ്പർക്കം പുല‍ർത്തുകയോ ചെയ്ത എല്ലാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സാമ്പിളുകളെല്ലാം ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരിലും നിരവധി മലയാളികളുണ്ട് എന്നാണ് ഞങ്ങളുടെ മുംബൈ ബ്യൂറോ റിപ്പോ‍ർട്ട് ചെയ്യുന്നത്.

Read more at: മോശം സാഹചര്യത്തിൽ ക്വാറന്‍റൈൻ ചെയ്ത നഴ്സുമാരെ ആശുപത്രിയിലേക്ക് മാറ്റി; ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

മുംബൈയിൽ ഏറ്റവും ആദ്യം കൊവിഡ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനായ ഡോക്ടർ ഇവിടെ ചികിത്സ നടത്തിയിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ച് ഈ ഡോക്ടറുടെ അച്ഛൻ മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ മകൻ ഇംഗ്ലണ്ടിൽ നിന്ന് തിരികെ വന്നതാണ്. ഇദ്ദേഹത്തിനും രോഗമുണ്ടായിരുന്നു. തുടർന്ന് മകനിൽ നിന്നാണ് കുടുംബത്തിലെ എല്ലാവർക്കും രോഗം പകർന്നതെന്ന് വ്യക്തമായിട്ടുമുണ്ട്. ഇത് അവഗണിച്ച് ചികിത്സ നടത്താനെത്തിയ ഡോക്ടറിൽ നിന്നാകാം നഴ്‍സുമാർ ഉൾപ്പടെയുള്ളവർക്ക് രോഗം പക‍ന്നതെന്നാണ് വിവരം. ഇതേ ആശുപത്രിയിലെ രണ്ട് രോഗികൾക്കും പിന്നീട് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഈ ആശുപത്രിയ്ക്ക് പുറമേ നഗരത്തിലെ മൂന്ന് പ്രമുഖ ആശുപത്രികളിൽ പ്രാക്ടീസ് നടത്തുന്ന കാർഡിയാക് സർജനാണ് ഈ രോഗബാധിതനായ ഡോക്ടർ. 

രാജ്യത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ച സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. നാല് ഡോക്ടർമാരടക്കം ഏഴ് ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്. ഒപ്പം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. ഗ്രാമങ്ങളിലും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അതീവജാഗ്രതയിലാണ് സംസ്ഥാനസർക്കാർ. ഒപ്പം ധാരാവിയിലെ അടക്കം ചേരിപ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചതും സർക്കാരിനെ ആശങ്കയിലാക്കുന്നു.

മുംബൈയിൽ നേരത്തേ കൊവിഡ് രോഗികളെ ചികിത്സിച്ച നഴ്സുമാരെയടക്കം മോശമായ സാഹചര്യത്തിൽ ഐസൊലേറ്റ് ചെയ്ത് പാർപ്പിച്ച സംഭവമുണ്ടായിരുന്നു. പിന്നീട് സംസ്ഥാനസർക്കാർ ഇടപെട്ട് മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ട് ഇവരെ മെച്ചപ്പെട്ട മുറികളിലേക്ക് മാറ്റുകയായിരുന്നു. ഇവരിൽ എല്ലാവരുടെയും സാമ്പിളുകൾ എടുത്ത് പരിശോധിച്ചതിൽ ആർക്കും രോഗമില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഒപ്പം ഇതേ ആശുപത്രിയിലെ ഹൈറിസ്ക് പട്ടികയിൽ പെട്ട ചിലരുടെ കൂടി ഫലം വരാനുണ്ട്. അവരുടെ സാമ്പിൾ ഫലങ്ങൾ വൈകിട്ടോടെ കിട്ടുമെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ ഇന്ന് 12 പേർക്കാണ് ഇന്ന് മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് രോഗത്തിനുള്ള ചികിത്സ സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഒപ്പം ലോക്ക് ഡൗൺ ലംഘിച്ച് അതിഥിത്തൊഴിലാളികളെ അതിർത്തി കടത്തി കൊണ്ടുപോകാൻ ശ്രമിച്ച ട്രക്ക് അന്ധേരിയിൽ വച്ച് പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു