മുംബൈ: മുംബൈയിൽ മോശം സാഹചര്യത്തിൽ ക്വാറന്‍റൈൻ ചെയ്ത മലയാളികളടക്കം നഴ്സുമാരെ സ്വകാര്യ ആശുപത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പൂട്ടിക്കിടന്ന കെട്ടിടത്തിൽ നഴ്സുമാരെ നിർബന്ധിച്ച് ക്വാറന്‍റൈൻ ചെയ്ത വാർത്ത ഇന്നലെ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്.

മുംബൈ സെയ്ഫി ആശുപത്രിയിലെ നഴ്സുമാരെയാണ് മൂന്ന് വർഷം മുൻപ് പൂട്ടിയ ഹോസ്റ്റൽ കെട്ടിടത്തിൽ നിർബന്ധിച്ച് ക്വാറന്‍റൈൻ ചെയ്തത്. കിടക്കപോലും നൽകിയില്ല. ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത വന്നതിന് പിന്നാലെ ഇന്നലെ അർധരാത്രിയോടെ ആരോഗ്യവകുപ്പ് പ്രശ്നത്തിൽ ഇടപെട്ടു. 

തിരികെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മലയാളികളടക്കമുള്ള നഴ്സുമാരെ മാറ്റി. ആശുപത്രിയിലെ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഐസൊലേറ്റ് ചെയ്തത്. മുംബൈയിൽ ഇന്നലെ മാത്രം 26 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ആരോഗ്യവകുപ്പ്. നഗരത്തിലെ നാല് ഡോക്ടർമാക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇവർ ഏഴ് ആശുപത്രികളിൽ പരിശോധന നടത്തിയിട്ടും ഉണ്ട്.

മഹാരാഷ്ട്രയിൽ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥീരികരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 193 ആയി. ഗുജറാത്തിൽ നിന്ന് മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നവിമുംബൈയിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോവേണ്ടവർക്ക് പൊലീസ് ഇ പാസ് ഏർപ്പെടുത്തിയിരിക്കുകയാണ്. 

അഹമ്മദാബാദിൽ ഇന്നലെ മരിച്ച 46കാരിയുടെ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു. രോഗം പടരുമെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് മറ്റൊരിടത്ത് സംസ്കാരം നടത്തേണ്ടി വന്നു. ഗുജറാത്തിൽ കൊവിഡ്19 ആദ്യം സ്ഥിരീകരിച്ച 21കാരന് രോഗം ഭേദമായി.