ഒരു ഹാളിൽ 30 പേർ, വൃത്തിയില്ലാത്ത ശുചിമുറി, ദില്ലിയിൽ മലയാളി നഴ്സുമാർ ദുരിതത്തിൽ

By Web TeamFirst Published Apr 9, 2020, 1:38 PM IST
Highlights

ഹാളിൽ കട്ടിലുകൾ ഇട്ട് താൽക്കാലിക സൗകര്യം മാത്രമാണ് നഴ്സുമാർക്കായി ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാൻ പോലും ഇടമില്ലാത്ത മുറികൾ, വൃത്തിയായ ശുചിമുറികളും ഇല്ല.

ദില്ലി: ദില്ലിയിൽ കൊവിഡ് ചികിത്സാ കേന്ദ്രമായ എൽ എൻ ജി പി ആശുപത്രിയിൽ മലയാളികളടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ദുരിതത്തിൽ. സുരക്ഷാ വസ്ത്രങ്ങളോ, അടിസ്ഥാന സൗകര്യമോ നഴ്സുമാര്‍ക്ക് നൽകുന്നില്ലെന്നാണ് പരാതി.

102 കൊവിഡ് രോഗികളും രോഗലക്ഷണമുള്ള 378 പേരും അടക്കം അഞ്ഞൂറിലധികം പേരാണ് ദില്ലിയിലെ എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയുള്ളത്. കൊവിഡ് ചികിത്സക്കായി പ്രത്യേക ആശുപത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡോക്ടർമാരും നഴ്സുമാർക്കും പതിനാല് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ചികിത്സക്ക് എത്തുന്ന ഡോക്ടർമാ‍ർക്ക് സ്വകാര്യ ആഡംബര ഹോട്ടലിൽ താമസം ഒരുക്കിയപ്പോൾ നഴ്സുമാർ താമസിക്കുന്നത് ആശുപത്രിയിലെ ദന്തൽവിഭാഗം ലൈബ്രറിയിലാണ്. 

ഹാളിൽ കട്ടിലുകൾ ഇട്ട് താൽക്കാലിക സൗകര്യം മാത്രമാണ് നഴ്സുമാർക്കായി ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാൻ പോലും ഇടമില്ലാത്ത മുറികൾ, വൃത്തിയായ ശുചിമുറികളും ഇല്ല. 30 പേരാണ് ഒരു ഹാളിൽ കഴിയുന്നത്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നഴ്സുമാർ പറയുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാർ അടക്കം ദുരിതത്തിലാണെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രോഗികളെ പരിചരിക്കുന്ന നഴ്സുമാരും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

click me!