Covid 19 : കർണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോൺ; രാജ്യത്ത് ആകെ കേസുകൾ നാല്

Published : Dec 04, 2021, 10:20 PM IST
Covid 19 : കർണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോൺ; രാജ്യത്ത് ആകെ കേസുകൾ നാല്

Synopsis

കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ. 

മുംബൈ: കര്‍ണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് 19 (Covid 19) - ഒമിക്രോണ്‍ (omicron) വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി. 

കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ. ദില്ലി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡും മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണും സ്ഥിരീകരിച്ചു. 32കാരന് ഇപ്പോഴും രോഗലക്ഷണങ്ങളില്ല. 

ഗുജറാത്തിലും ഒമിക്രോൺ

കഴിഞ്ഞ ഞായറാഴ്ചയാണ് സിംബാബ്‍വേയില്‍ നിന്ന് 72കാരന്‍ ജാനംഗറിലുള്ള ഭാര്യവീട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ ആര്‍ടിപിസിആർ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി. പിന്നാലെ ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്‍ററില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോൺ സ്ഥിരീകരിച്ചു.  ജാംനഗറിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന 72കാരന് പനിയും ചുമയും ഉണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. 

അതേ  സമയം മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പിന്നാലെ ഭയം വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. മുന്‍ വകഭേദങ്ങളെക്കാൾ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. വാക്സിനേഷന്‍ പുരോഗമിക്കുന്നതും രോഗ പ്രതിരോധത്തില്‍ പ്രധാനമാകും. പുതിയ വകഭേദം  നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ