UP Election : മമതാ ബാനർജിക്ക് സ്വാഗതം, കോൺഗ്രസിന് പരിഹാസം, യുപിയിൽ റാലികളിൽ സജീവമായി അഖിലേഷ് യാദവ്

By Web TeamFirst Published Dec 4, 2021, 6:08 PM IST
Highlights

പശ്ചിമ ബംഗാളിൽ മമത ചെയ്തതിന് സമാനമായി യുപിയിൽ നിലവിലെ ഭരണകക്ഷിയായ ബിജെപിയെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് പറയുന്നത്. 

ലക്നൌ: ത്രിണമൂൽ കോൺഗ്രസ് നേതാവും ബെംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി നയിക്കുന്ന ബദൽ രാഷ്ട്രീയ മുന്നണിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ച് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. 2022 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് അഖിലേഷ്. പശ്ചിമ ബംഗാളിൽ മമത ചെയ്തതിന് സമാനമായി യുപിയിൽ നിലവിലെ ഭരണകക്ഷിയായ ബിജെപിയെ തുടച്ചുനീക്കുമെന്നാണ് അഖിലേഷ് പറയുന്നത്. 

ഞാൻ അവരെ സ്വാഗതം ചെയ്യുന്നു. ബംഗാളിൽ ബിജെപിയെ തുടച്ചുനീക്കിയതുപോലെ... ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയെ തുടച്ചുനീക്കും. - അഖിലേഷ് ഝാൻസിയിൽ പറഞ്ഞു. ശരിയായ സമയത്ത് ഞങ്ങൾ സംസാരിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അഖിലേഷ് പറഞ്ഞു. 
 
ജനങ്ങൾ കോൺഗ്രസിനെ തള്ളിയെന്നും അവർക്ക് വരുന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിക്കുള്ള മറുപടിയായി അഖിലേഷ് കൂട്ടിച്ചേർത്തു. വ്യാഴാഴ്ച യുപിയിലെ മൊറാദാബാദിൽ നടന്ന റാലിയിൽ, അഖിലേഷിനെ പ്രിയങ്ക ചോദ്യം ചെയ്തിരുന്നു. ലഖിംപൂരിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ കാറ് ഇടിച്ച് നാല് കർഷകർ മരിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളിൽ അഖിലേഷിനെ കണ്ടില്ലെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.

 2017 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്  - എസ്പി സഖ്യം ഒരുമിച്ചാണ് ബിജെപിയെ നേരിട്ടത്. എന്നാൽ ഇത് നല്ല അനുഭവമായിരുന്നില്ലെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. യുപി കോൺഗ്രസിനെ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.  

ഝാൻസിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്‌സ്‌പ്രസ് വേയുടെ പേരിൽ യാദവ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചു. തന്റെ പാർട്ടി ആരംഭിച്ച പദ്ധതികളുടെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "സമാജ്‌വാദി പാർട്ടിക്ക് 22 മാസത്തിനുള്ളിൽ എക്‌സ്‌പ്രസ് വേ നിർമ്മിക്കാൻ കഴിയുമെങ്കിൽ, അതേ ജോലി ചെയ്യാൻ ബിജെപി 4.5 വർഷം എടുത്തതെന്തിന്? യുപിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നതാണ് ഇതിന് കാരണം," അദ്ദേഹം പറഞ്ഞു.

യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലെ പ്രാദേശിക പാർട്ടികളുടെയും പടിഞ്ഞാറൻ മേഖലയിലെ കർഷകരുടെ വോട്ടുകളെയും ആശ്രയിച്ച് അഖിലേഷ് യാദവ് ഒരു "മഴവില്ല്" സഖ്യം ഉണ്ടാക്കുകയാണ്. ബംഗാൾ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമാജ്‌വാദി പാർട്ടിയും തൃണമൂലും സൗഹൃദപരമായ അഭിപ്രായങ്ങൾ പങ്കുവച്ചുവെന്നും തൃണമൂലിന് വേണ്ടി തന്റെ പാർട്ടി പ്രചാരണം നടത്തുമെന്ന് യാദവ് പറഞ്ഞു. 

click me!