Web Desk   | Asianet News
Published : Mar 13, 2020, 09:41 AM ISTUpdated : Mar 22, 2022, 07:27 PM IST

കൊവിഡ് 19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81, വീണ്ടും രാജ്യത്ത് കൊറോണ മരണം

Summary

രാജ്യത്ത് കൂടുതൽ കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു. ആദ്യ കൊവിഡ് മരണം നടന്ന കർണ്ണാടകത്തിൽ മാർച്ച്‌ 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഏ‌‌ർപ്പെടുത്തി. ഉത്ത‍ർപ്രദേശിലും ബിഹാറിലും മധ്യപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎൽ മത്സരങ്ങളും മാറ്റിവച്ചു. 

 

10:47 PM (IST) Mar 13

വീണ്ടും രാജ്യത്ത് കൊറോണ മരണം

09:03 PM (IST) Mar 13

കൊവിഡ് 19: സർവകക്ഷിയോഗം 16ന്

കോവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ മാർച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് സർവകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷിയോഗം വിളിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കോവിഡ് 19 രോഗ ബാധ സംബന്ധിച്ച പ്രശ്‌നങ്ങളും യോഗത്തിൽ വിഷയമാക്കാൻ തീരുമാനിച്ചത്.

08:07 PM (IST) Mar 13

മുഖാവരണം, സാനിറ്റൈസർ വില നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം

മുഖാവരണങ്ങൾ ( N95 ഉൾപ്പെടെ  ) സാനിറ്റൈസർ എന്നിവയെ  ആവശ്യ സാധനങ്ങളുടെ പട്ടികയിൽ പെടുത്തി കേന്ദ്ര സർക്കാർ. വില കൂടുന്നത് നിയന്ത്രിക്കാനാണ് നടപടി

07:51 PM (IST) Mar 13

ഏഴ് മലയാളികളെ നാട്ടിലെത്തിക്കും

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച ആളുടെ കൂടെ ദുബായിൽ താമസിച്ച ഏഴ് മലയാളികളെ നാട്ടിലെത്തിക്കും.
ഒൻപത് മണിക്ക് ഇവർ കരിപ്പൂരില്‍ വിമാനമിറങ്ങും. ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിക്കും.  നേരത്തെ എത്തിയ അഞ്ചു പേർ നിരീക്ഷണത്തിലാണ്.

07:43 PM (IST) Mar 13

പത്തനംതിട്ടയിൽ 186 പേർ ഹൈ റിസ്ക് കോൺടാക്ടുകള്‍

പത്തനംതിട്ടയിൽ 29 പേർ ആശുപത്രിയിൽ തുടരുന്നു. 1239 വീടുകളിൽ തുടരുന്നു. 14 പേർ ഡിസ്ചാർജ് ആയി.  20 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. 186 പേർ ഹൈ റിസ്ക് കോൺടാക്ട് ഉണ്ട്.

07:30 PM (IST) Mar 13

മഹാരാഷ്ട്രയിൽ പകർച്ചവ്യാധി തടയൽ നിയമം നടപ്പാക്കും

മഹാരാഷ്ട്രയിൽ ഇന്ന് രാത്രി മുതൽ പകർച്ചവ്യാധി തടയൽ നിയമം നടപ്പാക്കും. ഐസൊലേഷന് തയാറാകാത്തവരെ നിയമപരമായി നേരിടും. പൊലീസിന്‍റെ സഹായം തേടും

07:28 PM (IST) Mar 13

ഗോവയിലും വന്‍ നിയന്ത്രണങ്ങള്‍

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന്  ഗോവയിലും നിയന്ത്രണം. പകർച്ചവ്യാധി തടയൽ നിയമം നടപ്പാക്കും. ഷിഗ്മോ ഫെസ്റ്റ് അടക്കം ആഘോഷ പരിപാടികൾ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം. ഒമ്പതാം ക്ലാസ് വരെ സ്കൂളുകൾക്ക് അവധി

06:03 PM (IST) Mar 13

എറണാകുളത്ത് 32 പേര്‍ ഐസൊലേഷൻ വാർഡിൽ

എറണാകുളം ജില്ലയില്‍ നിലവിൽ 32 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ 532 പേർ വീടുകളിൽ നിരീക്ഷണത്തിൽ. ഇന്ന് 16 പേരുടെ സാംപിൾ പരിശോധനക്കായി അയച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച 3 വയസുകാരന്‍റെയും മാതാപിതാക്കളുടേയും ആരോഗ്യനില തൃപ്തികരമെന്ന് കളക്ടർ എസ്. സുഹാസ്

05:55 PM (IST) Mar 13

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും

ഇന്ന് 6 മണിക്ക് നടക്കുന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും- സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂം

05:53 PM (IST) Mar 13

കാസര്‍കോട് ജില്ലയില്‍ 249 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് ജില്ലയില്‍ ആകെ 249 പേരാണ് നിരീക്ഷണത്തില്‍. ഇതില്‍ പത്ത് പേര്‍ ആശുപത്രികളിലും 239 പേര്‍ വീടുകളിലുമായാണ് ഉള്ളത്. നിലവില്‍ പോസിറ്റീവ് കേസുകളില്ല. യു.എ.ഇയില്‍ നിന്നെത്തിയ 78 പേരും ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ 58 പേരും ഇറ്റലിയില്‍ നിന്നെത്തിയ 21 പേരും മലേഷ്യ ,കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നെത്തിയ 13 പേര്‍ വീതവും സൗദി അറേബ്യയില്‍ നിന്നെത്തിയ 12 പേരും ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള   എട്ടുപേര്‍ വീതവും ജപ്പാനില്‍ നിന്നെത്തിയ ആറുപേരും ബഹ്‌റിന്‍, ഇംഗ്ലണ്ട്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ വീതവും സിംഗപ്പൂര്‍, റഷ്യ, എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ വീതവും ഓസ്ട്രലിയയില്‍ നിന്നെത്തിയ രണ്ട് പേരും   നിരീക്ഷണത്തിലുണ്ട്

05:51 PM (IST) Mar 13

കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി കോഴിക്കോട്  ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.  കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്,  കോഴിക്കോട് ബീച്ച്,  കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ല.
.

05:45 PM (IST) Mar 13

കൊറോണ ഭീഷണി: സുപ്രീംകോടതിയിലും നിയന്ത്രണം

കൊവിഡ്19 ബാധയെ തുടര്‍ന്ന് ദില്ലിയിലെ സുപ്രീംകോടതിയില്‍ നിയന്ത്രണങ്ങള്‍. അത്യാവശ്യ കേസുകൾ മാത്രമെ ഇനി പരിഗണിക്കുവെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയിലെ എല്ലാ കോടതികളും പ്രവർത്തിക്കില്ല. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. കോടതികളിൽ അഭിഭാഷകർക്കും നിയന്ത്രണം. കേസ് വാദിക്കുന്ന അഭിഭാഷകന് മാത്രമെ കോടതിയിൽ പ്രവേശിക്കാനാകൂ.

05:34 PM (IST) Mar 13

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 81

രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 81 ആയി.64ഇന്ത്യക്കാർ  17 വിദേശികൾ. ദില്ലി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 പേർക്ക് രോഗം ഭേദമായി.  രാജ്യത്തേക്കുള്ള 18 ചെക്ക് പോസ്റ്റുകൾ നാളെ അടയ്ക്കും. 

Read More: 

05:12 PM (IST) Mar 13

ഹാൻഡ് സാനിറ്റെസർ ക്ഷാമം പരിഹരിക്കാന്‍ നടപടി

കെഎസ്ഡിപി ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷം ബോട്ടിൽ ഹാൻഡ് സാനിറ്റെസർ തയ്യാറാക്കി മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് നൽകും
500 എംഎൽ ബോട്ടിലിന് 125 രൂപ. വിപണിയിലെ ക്ഷാമത്തിന് പരിഹാരമാകുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ

05:09 PM (IST) Mar 13

ആംബുലന്‍സുകളുടെ എണ്ണം കൂട്ടി

തിരുവനന്തപുരത്ത് ആംബുലന്‍സുകളുടെ എണ്ണം കൂട്ടി. സർക്കാർ ആംബുലന്‍സുകളുടെ എണ്ണം 15 ആക്കി. എയർപോർട്ടിൽ  രണ്ട് 108 ആംബുലൻസുകൾ. കോവിഡ് സംശയിക്കുന്നവരെയും രോഗികളെയും കൊണ്ടു പോകാനാണ് അംബുലന്‍സുകള്‍

05:04 PM (IST) Mar 13

'കൊറോണ ഭീഷണി വ്യാവസായിക മേഖലക്ക്'

കൊറോണ ഭീഷണി വ്യാവസായിക മേഖലക്ക് തിരിച്ചടിയാകും ഉത്പാദനമേഖലയിൽ തകർച്ചയുണ്ടാകും ഇതിനെ എത്രയും വേഗം മറികടക്കാനാകും എന്നാണ് പ്രതിക്ഷ മന്ത്രി ഇ.പി.ഇ യരാജൻ

04:14 PM (IST) Mar 13

ടെക്കികൾ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കർണാടക

ബെംഗളൂരുവിലെ ഐടി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന നിർദ്ദേശവുമായി കർണ്ണാടക സർക്കാർ. കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി. റസ്റ്റോറന്‍റുകൾ തുറക്കരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും അടച്ചിരിക്കുകയാണ്. 

04:04 PM (IST) Mar 13

റിക്രൂട്ട്മെന്‍റ് റാലികൾ മാറ്റിവച്ച് കരസേന

കരസേന എല്ലാ റിക്രൂട്ട്മെന്‍റ് റാലികളും ഒരുമാസത്തേക്ക് മാറ്റി. അത്യാവശ്യ യാത്രകൾ മാത്രം നടത്താനും വീഡിയോ കോൺഫ്രൻസ് സൗകര്യം പ്രയോജനപ്പെടുത്താനും ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകിയതായി കരസേന അറിയിച്ചു. 

03:56 PM (IST) Mar 13

കൊവിഡ് പ്രതിരോധം കേരള നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി പിരിഞ്ഞു

തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സഭ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്‍റെ എതിർപ്പ് അവഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. 

Read More: കൊവിഡ് പ്രതിരോധം: 24 വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ഒറ്റയടിക്ക് പാസാക്കി നിയമസഭ പിരിഞ്ഞു

03:52 PM (IST) Mar 13

ബിഹാറിലും മധ്യപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോവിഡ് 19 പരക്കുന്ന പശ്ചാത്തലത്തിൽ ബിഹാറിലും മധ്യപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിൽ സിനിമാ തിയ്യേറ്ററുകളും അടച്ചിടും. 

03:45 PM (IST) Mar 13

മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

നാഗ്പൂരിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16 ആയി.

03:44 PM (IST) Mar 13

സർവ്വീസുകൾ റദ്ദാക്കി എയർ ഇന്ത്യ

കൊവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തി. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിയത്  ഏപ്രിൽ 30 വരെയാണ് നിലവിൽ സർവ്വീസുകൾ നിർത്തി വച്ചിരിക്കുന്നത്. 

03:30 PM (IST) Mar 13

ഒരാൾക്ക് കൂടി കൊവിഡ‍് സ്ഥിരീകരിച്ചു

രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഹരിയാന മനേസർ ക്യാമ്പിൽ കൂടുത നിരീക്ഷണത്തിലാക്കിയ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
 

03:28 PM (IST) Mar 13

കർണാടകത്തിൽ കടുത്ത നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകത്തിൽ മാർച്ച്‌ 20 വരെ കടുത്ത നിയന്ത്രണങ്ങൾ. തിയറ്ററുകൾ, മാളുകൾ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിർദ്ദേശിച്ചു. കായിക മത്സരങ്ങളും നടത്തില്ല, 

02:44 PM (IST) Mar 13

ഐപിഎൽ മാറ്റിവച്ചു

കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ മാറ്റി. മാർച്ച് 29ൽ നിന്ന് ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിയത്. ബിസിസിഐയെ ഇക്കാര്യം അറിയിച്ചതായി ഫ്രാഞ്ചൈസികൾ വ്യക്തമാക്കി. ബിസിസിഐയുടെ ഔദ്യോഗിക സ്ഥരീകരിണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദില്ലിയ്ക്ക് പകരം വേദി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു. 

Read more at: കൊവിഡ് 19 ഐപിഎല്ലിനെയും വിഴുങ്ങി; ടൂര്‍ണമെന്‍റ് മാറ്റിവച്ചു; തിയതിയും വിശദാംശങ്ങളും പുറത്ത് ...

 

02:42 PM (IST) Mar 13

വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിൽ ഇളവ്

കൊവിഡ് 19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിൽ ഇളവ്. പേരു ചേർക്കാൻ വോട്ടർ നേരിട്ടു ഹാജരാകേണ്ട. നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം.

02:41 PM (IST) Mar 13

ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ഉത്തർ പ്രദേശിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച്‌ 22 വരെ അവധി
 

02:16 PM (IST) Mar 13

സാർക്ക് രാജ്യങ്ങളോട് പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധിക്കാൻ സംയുക്തനീക്കം വേണമെന്ന് മോദി. വീഡിയോ കോണ്‍ഫറൻസിലൂടെ ആലോചനയാവാം എന്ന് നിർദേശം . പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളോടാണ് ആഹ്വാനം. മോദിയുടെ നിർദേശം പരിഗണിക്കുമെന്ന് പാക് സർക്കാർ വൃത്തങ്ങൾ . 
 

02:13 PM (IST) Mar 13

കൂടുതൽ ഐസൊലേഷൻ വാർഡുകൾ

എറണാകുളം ജില്ലയിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ തുറക്കാൻ കളക്ടർ എസ് സുഹാസ് നിർദ്ദേശം നൽകി. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ പേ വാർഡ് ഒഴിപ്പിക്കും. ഇവിടുത്തെ 80 മുറികൾ ഐസൊലേഷൻ വാർഡ് ആക്കും. കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ICU സൗകര്യം വർദ്ധിപ്പിക്കുമെന്നും കളക്ടർ. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ എത്തുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
 

02:00 PM (IST) Mar 13

കൊവിഡ് ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു

കോട്ടയം: കൊവിഡ് ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. രോഗം പടരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ പറഞ്ഞതായി നഴ്സുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read more at: കോട്ടയത്ത് കൊവിഡ് ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടു ...

 

01:58 PM (IST) Mar 13

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 22 പേരെ കൂടുതൽ പരിശോധനകൾക്കായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ 4 പേർ ഇറ്റലിയിൽ നിന്ന് വന്നവരാണ്. 
 

01:56 PM (IST) Mar 13

ഒഡിഷ നിയമസഭ സമ്മേളനം നിർത്തി വച്ചു


കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഒഡിഷ നിയമസഭ സമ്മേളനം നിർത്തിവച്ചു. മാർച്ച്‌ 29 വരെയാണ് നിയമസഭ നിർത്തി വച്ചത്.

01:17 PM (IST) Mar 13

ദില്ലിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19

ദില്ലിയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നോയിഡയിൽ ജോലി ചെയ്യുന്ന ദില്ലി സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇയാൾ ഫ്രാൻസിലും ചൈനയിലും സന്ദർശനം നടത്തിയിരുന്നു. 

12:37 PM (IST) Mar 13

ജെഎൻയു സർവകലാശാലയിൽ ക്ലാസുകൾ ഈ മാസം 31 വരെ നിർത്തി

കൊവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ ജെഎൻയു സർവകലാശാലയിൽ ക്ലാസുകൾ ഈ മാസം 31 വരെ നിർത്തി. മറ്റു അക്കാദമിക്ക് പ്രവർത്തനങ്ങൾക്കും താൽകാലികമായി നിർത്തി വെക്കാൻ ഉത്തരവ്

12:31 PM (IST) Mar 13

ദില്ലിയിൽ ഐപിഎൽ മത്സരങ്ങൾ നടത്തില്ലെന്ന് മനീഷ് സിസോദിയ

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ ഐപിഎൽ മത്സരങ്ങൾ നടത്തില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ദില്ലിയിൽ പൊതു പരിപാടികൾ ഒഴിവാക്കണമെന്നും, വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മറ്റ് കായിക മത്സരങ്ങളും ഒഴിവാക്കണമെന്നും മനീഷ് സിസോദിയ അറിയിച്ചു. 
 

11:54 AM (IST) Mar 13

എറണാകുളത്ത് നിന്ന് അയച്ച 54 സാമ്പിളുകളും നെഗറ്റീവ്

എറണാകുളം ജില്ലയിൽ നിന്ന് അയച്ച സാമ്പിളുകളിൽ  54 എണ്ണം കൂടി നെഗറ്റീവ്. ആലപ്പുഴ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

11:34 AM (IST) Mar 13

കൊവിഡ് ആഘാതത്തിൽ ഓഹരി വിപണി

കൊവിഡ് ഭീതിയിൽ ഇന്നും ഓഹരി വിപണിയിൽ തകർച്ച. രാവിലെ വ്യാപാരം തുടങ്ങിയ ഉടൻ ആയിരം പോയിന്റിലേറെയാണ് വിപണി ഇടിഞ്ഞത്. സ്വർണവിലയിലും വൻ ഇടിവ്. രൂപയുടെ മൂല്യവും കുറഞ്ഞു.
 

11:29 AM (IST) Mar 13

കേന്ദ്ര സർക്കാരിനെതിരെ ഐഎംഎ

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രോഗം ബാധിച്ചവരെ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന നിലപാട് തെറ്റ്. 
 

11:10 AM (IST) Mar 13

രണ്ടാം ഘട്ടത്തിൽ രോഗം പടരാൻ കാരണം റാന്നി സ്വദേശികൾ; രാജു എബ്രഹാം

തിരുവനന്തപുരം: ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തിൽ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് രാജു എബ്രഹാം. ഇവരെകുറ്റപ്പെടുത്താൻ പാടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് ശരിയല്ലെന്നും രാജു എബ്രഹാം വിശദീകരിച്ചു. 

Read More: രണ്ടാം ഘട്ടത്തിൽ രോഗം പടരാൻ കാരണം റാന്നി സ്വദേശികൾ; രാജു എബ്രഹാം