മുംബൈ: കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ ഏപ്രില്‍ 15 വരെ ആരംഭിക്കില്ലെന്ന് ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം. മാർച്ച്  29ന് മത്സരങ്ങള്‍ ആരംഭിക്കാനാണ് നേരത്തെ നിശ്‌ചയിച്ചിരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി. 

കാണികളെ പ്രവേശിപ്പിക്കാതെ അടച്ച സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികളുടെ നിലപാടാണ് നിര്‍ണായകമായത് എന്നാണ് സൂചന. കാണികളില്ലാതെ കളിക്കാന്‍ സജ്ജമാണെന്നും എന്നാല്‍ വിദേശ താരങ്ങളില്ലാതെ കളിക്കില്ലെന്നും ടീം ഉടമകള്‍ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ടീമുകള്‍ ഒരുക്കമല്ല എന്നും അവര്‍ വ്യക്തമാക്കി. 

Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10000 കോടിയുടെ നഷ്‌ടം എന്ന് റിപ്പോര്‍ട്ട്

ഏപ്രില്‍ 15 വരെ നിര്‍ത്തിവെക്കുന്നതോടെ ടൂര്‍ണമെന്‍റില്‍ വിദേശ താരങ്ങളുടെ സഹകരണം ഉറപ്പിക്കാന്‍ ബിസിസിഐക്ക് ആയേക്കും. ഏപ്രില്‍ 15 വരെ വിദേശികള്‍ക്കുള്ള വിസകള്‍ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ. 

കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് വ്യക്തമാക്കിയിരുന്നു. 'വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണ്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണ്' എന്നും ദില്ലി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കര്‍ണാടക, മഹാരാഷ്‌ട്ര സര്‍ക്കാരുകളും നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക