ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 2300 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 306 രോഗികൾ

By Web TeamFirst Published Apr 3, 2020, 11:29 AM IST
Highlights

'എല്ലാവരോടും ഏപ്രിൽ 5-ന് വൈകിട്ട് 9 മണിക്ക്, 9 മിനിറ്റ് നേരത്തേക്ക് വിളക്കുകൾ എല്ലാം അണച്ച് ഒരു ദീപം തെളിക്കൂ' എന്നാണ് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഏപ്രിൽ 14-ന് ലോക്ക് ഡൗൺ അവസാനിച്ചാലും സാമൂഹ്യാകലം പാലിക്കണമെന്നും മോദി.

ദില്ലി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2301 ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2088. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 156 ആണ്. 56 പേർ മരിച്ചു. ഒരാളെ രാജ്യത്തിന് പുറത്തേക്ക് മാറ്റി.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായവരുടെ എണ്ണം 306 ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്ര തന്നെയാണ്. 13 പേരാണ് ഇതുവരെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 7 പേർ. മധ്യപ്രദേശിൽ ആറ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. പഞ്ചാബിലും ദില്ലിയിലും നാല് പേർ വീതം പേർ മരിച്ചു. (ഇത് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന ഔദ്യോഗിക കണക്കാണ്)

കടപ്പാട്: കേന്ദ്ര ആരോഗ്യമന്ത്രാലയം

എന്നാൽ ഇംഗ്ലീഷ് ദിനപത്രങ്ങൾ പുറത്തുവിടുന്ന കണക്ക് അനുസരിച്ച് ഇന്നലെ രാത്രി തന്നെ ഇന്ത്യയിൽ 2500-ന് മേൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്നലെ രാത്രിയോടെ 2580 കേസുകൾ ആകെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 70 പേർ മരിച്ചു. വിവിധ സംസ്ഥാനങ്ങളുടെ ആരോഗ്യവകുപ്പുകൾ പുറത്തുവിടുന്ന കണക്കുകൾ കൂട്ടിച്ചേർത്താണ് ഇംഗ്ലീഷ് പത്രങ്ങൾ അന്തിമവിവരം പുറത്തുവിടുന്നത്.  

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോ‍ർട്ട് ചെയ്യപ്പെട്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. വ്യാഴാഴ്ച മാത്രം 88 കേസുകൾ. മഹാരാഷ്ട്രയിൽ ആകെ കേസുകൾ 423. രോഗം ഭേദമായി ആശുപത്രി വിട്ടവർ 35. മരിച്ചവരുടെ എണ്ണം 20. തമിഴ്നാട്ടിൽ 75 കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതിൽ 74 കേസുകളും തബ്ലീഗ് ജമാ അത്ത് പരിപാടിയിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടതാണ്. 309 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായി ആശുപത്രി വിട്ടത് 6 പേർ. മരണം 1. 

ദില്ലിയിൽ ഇന്നലെ മാത്രം 141 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് തന്നെ സ്ഥിരീകരിച്ചിരുന്നതാണ്. ഇതിൽ 129-ഉം ദില്ലി തബ്ലീഗ് ജമാ അത്ത് പരിപാടിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ദില്ലിയിൽ ആകെ 293 കേസുകളാണ് ഇവിടെയുള്ളത്. അ‌ഞ്ച് പേർക്ക് രോഹം ഭേഗമായി. നാല് പേർ മരിച്ചു. കേരളത്തിൽ വ്യാഴാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 21 പേർക്ക്. നിലവിൽ ചികിത്സയിലുള്ളത് 286 പേർ. രോഗം ഭേദമായത് 28 പേർക്ക്. മരണം 2.

തെലങ്കാനയിൽ 27 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 149 പേർ. 17 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 9 പേർ മരിച്ചു. 

ആന്ധ്രാപ്രദേശിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 38 പേർക്കാണ്. ആകെ കേസുകൾ ആന്ധ്രയിലും 149 ആണ്. രോഗം ഭേദമായത് 2 പേർക്കാണ്. മരണമില്ല.

രാജ്യത്തെ ബാക്കിയുള്ള എല്ലാ സംസ്ഥാനങ്ങളും ചേർത്ത് 154 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ 971 കേസുകൾ. ഭേദമായവർ 69. മരണം 34. 

അങ്ങനെ ആകെ ഇന്നലെ മാത്രം സംസ്ഥാനങ്ങളുടെ വിവരങ്ങളെല്ലാം ചേർത്താൽ 544 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ കേസുകളുടെ എണ്ണം 2580. രോഗം ഭേദമായവരുടെ എണ്ണം 162. ആകെ മരണം 70.

ദില്ലിയിൽ യോഗം

ദില്ലിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ ആർഎംഎൽ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. 

ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിൽ ആരോഗ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗം നടക്കും. 

ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കനത്ത പിഴ ഈടാക്കാനുമാണ് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ഇന്നലെ നിർദേശിച്ചത്. എപിഡെമിക് ആക്ടും ദുരന്തനിവാരണ നിയമവുമനുസരിച്ച് കനത്ത പിഴ ഈടാക്കണം. ആരോഗ്യപ്രവർത്തകർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള അക്രമമുണ്ടായാൽ ഐപിസിക്ക് പുറമേ, ഈ നിയമങ്ങളും ചുമത്തി രണ്ട് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിൽ അറസ്റ്റ് ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിക്കുന്നു.

click me!