ഡോക്ടറുടെ മേല്‍ തുപ്പി; തമിഴ്നാട്ടില്‍ കൊവിഡ് 19 രോഗിക്കെതിരെ വധശ്രമത്തിന് കേസ്

By Web TeamFirst Published Apr 12, 2020, 7:37 PM IST
Highlights

ശനിയാഴ്ച അഡ്മിറ്റ് ചെയ്ത രോഗി മാസ്ക് ഡോക്ടർക്ക് നേരെ വലിച്ചെറിയുകയായിരുന്നു

തിരുച്ചിറപ്പള്ളി: ചികിത്സിക്കുന്ന ഡോക്ടറുടെ മേല്‍ തുപ്പിയതിന് തമിഴ്നാട്ടില്‍ നാല്‍പ്പതുകാരനായ കൊവിഡ് 19 രോഗിക്കെതിരെ വധശ്രമത്തിന് കേസ്. തിരിച്ചിറപ്പിള്ളിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. 

കൊവിഡ് വ്യാപനം തടയാന്‍ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവർത്തികള്‍ വലിയ കുറ്റമാണ്. ശനിയാഴ്ച അഡ്മിറ്റ് ചെയ്ത രോഗി മാസ്ക് ഡോക്ടർക്ക് നേരെ വലിച്ചെറിയുകയായിരുന്നു. എല്ലാവരോടും തട്ടിക്കയറുകയും ചെയ്തു. ചികിത്സയുടെ തുടക്കം മുതല്‍‌ ഡോക്ടർമാരുമായും ആശുപത്രിയിലെ മറ്റ് ജീവനക്കാരുമായും രോഗി സഹകരിച്ചിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു. 

അതേസമയം നാഗപട്ടണം ജില്ലയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന 65കാരനായ ഡോക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് ആഴ്ച മുന്‍പ് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു ഡോക്ടർ. ഡോക്ടറില്‍ നിന്ന് ചികിത്സ നേടിയവർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ ഇതുവരെ എട്ട് ഡോക്ടർമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയ്ക്കും ദില്ലിയ്ക്കും പിന്നാലെ തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ള കണക്ക് അനുസരിച്ച് 1075 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് തമിഴ്നാട്ടിൽ മരിച്ചു. ഇന്ന് മാത്രം 106 പേർക്കാണ് തമിഴ്നാട്ടിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 


 

click me!