തമിഴ്നാട്ടിൽ വീട് കയറി പ്രാർത്ഥന നടത്തി വനിതാ പ്രഭാഷകർ, പരിശോധന

By Web TeamFirst Published Apr 6, 2020, 2:53 PM IST
Highlights

മസ്ദൂറത് ജമാഅത്തിലെ വിദേശികൾ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരാണ് ദിവസങ്ങളോളം ഒരോ വീടുകളിൽ കഴിഞ്ഞ് പ്രാർത്ഥനാ ചടങ്ങ് നടത്തിയത്.

ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ പേര്‍ക്ക് കൊവിഡ് സ്ഥികരിച്ച പശ്ചാത്തലത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത ഏറെയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.

നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്. മസ്ദൂറത് ജമാഅത്തിലെ വിദേശികൾ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകരാണ് ദിവസങ്ങളോളം ഒരോ വീടുകളിൽ കഴിഞ്ഞ് പ്രാർത്ഥനാ ചടങ്ങ് നടത്തിയത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ഇവർ സമ്പർക്കം പുലർത്തിയതായും ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വീട്ടുകാരുമായി അടുത്തിടപഴകാൻ സാധ്യതയേറെ ആയതിനാൽ രോഗ വ്യാപന സാധ്യതയും കൂടുതലാണ്. 

ഇവർ താമസിച്ച വീടുകൾ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സർക്കാർ നിർദേശം നൽകി. അതേസമയം തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തമിഴ്നാട്ടിൽ എത്തിയ ശേഷം ഒളിവിലായിരുന്ന പത്ത് മലേഷ്യൻ സ്വദേശികൾ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. മലേഷ്യയിലേക്കുള്ള പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനായിരുന്നു ശ്രമം. തെങ്കാശി, തേനി എന്നിവടങ്ങളിൽ ഇവർ പ്രദേശിക പ്രാർത്ഥനാ ചടങ്ങുകളും നടത്തിയിരുന്നു. പത്ത് പേരെയും ക്വാറന്‍റൈനിലാക്കി. പ്രദേശിക സമ്മേളനത്തിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ തയ്യാറാകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. 

click me!