പിടിച്ചുകെട്ടാനാവാതെ കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

By Web TeamFirst Published Sep 23, 2020, 6:26 AM IST
Highlights

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 56 ലക്ഷത്തിലേക്കെത്തുമെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന വർധന എഴുപത്തിഅയ്യായിരത്തിലേക്ക് താണിരുന്നു.

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്. രോഗ വ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍ പ്രദേശ്, ദില്ലി, പഞ്ചാബ് മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 56 ലക്ഷത്തിലേക്കെത്തുമെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിദിന വർധന എഴുപത്തിഅയ്യായിരത്തിലേക്ക് താണിരുന്നു. ഒരു ദിവസം രോഗം ഭേദമാകുന്നവരുടെ എണ്ണം ഒരു ലക്ഷവും കടന്നിരുന്നു. പരിശോധന കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതെന്ന വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി.

സെപ്റ്റംബർ രണ്ടാം തീയതി മുതൽ എല്ലാ ദിവസവും ആയിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുദിവസം ഏറ്റവും കൂടുതല്‍പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് കേന്ദ്ര സര്‍ക്കാരിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. എങ്കിലും പരിശോധനകൾ സംബന്ധിച്ച സംശയങ്ങൾ ഉയരുന്നുണ്ട് ശനിയാഴ്ച പന്ത്രണ്ട് ലക്ഷത്തിലേറെ സാംപിള്‍ പരിശോധിച്ചിടത്ത് തിങ്കളാഴ്ച 9.33 ലക്ഷം സാംപിള്‍ മാത്രമാണ് പരിശോധന നടത്തിയത്. 

ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. പരിശോധന കുറയ്ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുമോ എന്ന ആശങ്കയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്. 

പാർലെമെന്റ് സമ്മേളനം വെട്ടിച്ചിരുക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

click me!