
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലാത്തത് ആശങ്കയാകുന്നു. രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ചു മരിച്ച ഡോക്ടർമാരുടെ കണക്ക് ഐഎംഎ പുറത്തുവിട്ടു. കേരളത്തിൽ മരിച്ച ഡോക്ടർമാരുടെ എണ്ണം 24 ആയി ഉയർന്നു.
തുടർച്ചയായി അഞ്ചാം ദിവസവും ഒരു ലക്ഷത്തിന് താഴെയാണ് കൊവിഡ് പ്രതിദിന കേസുകൾ. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 84,332 പേർക്ക്. പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് 4.39 ശതമാനമായി. രോഗമുക്തി നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ 78% കുറവ് വന്നതായാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. എന്നാൽ ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചത് 4002 പേർ ആണ്.
പല സംസ്ഥാനങ്ങളും മുമ്പ് പുറത്ത് വിടാത്ത കൊവിഡ് മരണ കണക്കുകൾ ഇപ്പോൾ പുറത്തു വിടുന്നതാണ് മരണ നിരക്ക് കൂടാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 2213 പേര്‍ മരിച്ചു. രാജ്യത്താകെ 719 ഡോക്ടർമാര്‍ രണ്ടാം കൊവിഡ് തരംഗത്തിൽ മരിച്ചുവെന്നാണ് ഐഎംഎ പുറത്തുവിട്ട കണക്ക്. 111 ഡോക്ടർമാർ കൊവിഡിന് കീഴടങ്ങിയ ബിഹാറിലേതാണ് ഏറ്റവും കൂടിയ കണക്ക്. 24 ഡോക്ടർമാർ ആണ് കേരളത്തിൽ മരിച്ചത്. ജൂൺ അഞ്ചിന് ഐഎംഎ തന്നെ പുറത്തുവിട്ട കണക്കിൽ ഇത് 5 ഡോക്ടർമാരായിരുന്നു. അതായത് ഏഴു ദിവസത്തിനിടെ കേരളത്തിൽ 19 ഡോക്ടർമാർ കൂടി മരിച്ചു.
ഇതിനിടെ ഐസിഎംആറിൻ്റെ ദേശീയ സിറോ സര്‍വേ ഈ മാസം തുടങ്ങാൻ തീരുമാനമായി. സിറോ സർവ്വേ നടത്താനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനതല സെറോ സര്‍വേകൾ നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam