മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ്: ഡയറക്ടര്‍ അറസ്റ്റിലായിട്ടും കമ്പനി പ്രവര്‍ത്തിക്കുന്നു

By Web TeamFirst Published Jun 12, 2021, 1:52 PM IST
Highlights

അറസ്റ്റിലായ മലയാളിയും വിമുക്തഭടനുമായ കെ വി ജോണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്പനിയില്‍ ആയിരത്തിലധികം രൂപ ഫീസായി നല്‍കി മുപ്പത് ലക്ഷത്തിലധികംപേര്‍ ഇതിനോടകം ചേര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
 

ബെംഗളൂരു: കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ ജാ ലൈഫ്‌സ്‌റ്റൈല്‍ കമ്പനി, കേസെടുത്തതിന് ശേഷവും പ്രവര്‍ത്തനം തുടരുന്നു. നിയമ നടപടികള്‍ ഉടന്‍ അവസാനിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതോടൊപ്പമാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 

അറസ്റ്റിലായ മലയാളിയും വിമുക്തഭടനുമായ കെ വി ജോണിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്പനിയില്‍ ആയിരത്തിലധികം രൂപ ഫീസായി നല്‍കി മുപ്പത് ലക്ഷത്തിലധികംപേര്‍ ഇതിനോടകം ചേര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. 

നടന്നത് കോടികളുടെ മണിചെയിന്‍ തട്ടിപ്പെന്ന് കേസ് അന്വേഷിക്കുന്ന ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. അറസ്റ്റിലായ കമ്പനിയുടെ ഡയറക്ടര്‍ കെ വി ജോണി പരപ്പന ജയിലില്‍ റിമാന്‍ഡിലാണ്

ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്വമേധയാ കേസെടുത്ത് കമ്പനി ഡയറക്ടറെ അറസ്റ്റ് ചെയ്തിട്ടും ജാലൈഫ് സ്‌റ്റൈല്‍ മണിചെയിന്‍ ശൃംഖലയിലേക്ക് ആളുകളെ ചേര്‍ക്കാനായി സമൂഹമാധ്യമങ്ങളിലൂടെയാണ് ക്യാംപെയിന്‍ സജീവമാക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ബെംഗളൂരു ബസവേശ്വര്‍ നഗറിലെ കമ്പനി ആസ്ഥാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഒഴിഞ്ഞെന്ന് മനസിലായി. ഫോണിലും ആരെയും ബന്ധപ്പെടാനാകുന്നില്ല. 

ആറുമാസത്തിനിടെ 30 ലക്ഷത്തിലധികം പേര്‍ ആയിരത്തിലധികം രൂപ നല്‍കി സബ്‌സ്‌ക്രിപ്ഷനെടുത്തെന്നാണ് കമ്പനി വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നത്. 3.7കോടി രൂപ കഴിഞ്ഞ ശനിയാഴ്ച കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടറായ കെ വി ജോണിയുടെ അക്കൗണ്ടില്‍നിന്നും സിസിബി കണ്ടുകെട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജാ ലൈഫ്‌സ്‌റ്റൈല് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ എറണാകുളം സ്വദേശിയായ കെവി ജോണി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മണിചെയിന്‍ ശൃംഖല തുടങ്ങിയത്. കമ്പനിയില്‍ പണം നല്‍കി ചേര്‍ന്നാല് വൈബ്‌സൈറ്റുവഴിയും മൊബൈല്‍ ആപ്പ് വഴിയും പരസ്യങ്ങള്‍ കണ്ട് മാസംതോറും ആയിരകണക്കിന് രൂപ അധിക വരുമാനം നേടാമെന്നായിരുന്നു വാഗ്ദാനം. മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി സൂം മീറ്റിംഗുകള്‍ നടത്തിയും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു പ്രചാരണം. കൂടുതല്‍പേരെ ചേര്‍ക്കുന്നവര്‍ക്ക് കമ്മീഷനും വാഗ്ദാനം ചെയ്തിരുന്നു. ലോക്ഡൗണ്‍കാലത്തും മലയാളികളടക്കമുള്ള ആയിരകണക്കിന് പേരാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാരായി മാറിയത്.

ലണ്ടന്‍ ആസ്ഥാനമാക്കിയാണ് ആദ്യം ജാ ലൈഫ്‌സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് കമ്പനി എംഡിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറില്‍ പറയുന്നുണ്ട്.
 

click me!