
ദില്ലി: കൊവിഡ് രാജ്യത്തെമ്പാടും കൂടുതൽ ശക്തമാകുന്നു. വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിൽ 1982 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു. അതിനിടെ രാജ്യതലസ്ഥാനത്ത് കൂടുതൽ നിയന്ത്രണം കൊണ്ടുവന്നു.
തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 18 പേർ കൊവിഡ് രോഗം ബാധിച്ച് മരിച്ചു. ചെന്നൈയിൽ മാത്രം ഇന്ന് 1479 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ ആകെ എണ്ണം 40698 ആയി ഉയർന്നു. ആകെ മരണസംഖ്യ 367 ആണ്. ഇന്ന് മരിച്ചവരിൽ 15 പേരും ചെന്നൈയിലായിരുന്നു. ചെന്നൈയിൽ കൂടുതൽ മേഖലകളിൽ പുതിയ രോഗികളെ കണ്ടെത്തിയതോടെ ഭീതി ഉയർന്നു.
കർണാടകത്തിൽ ഇന്ന് 271 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴ് പേർ 24 മണിക്കൂറിനിടെ മരിച്ചു. സംസ്ഥാനത്തെ അകെ കൊവിഡ് ബാധിതർ 6516 ആയി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 2995 ആണ്. മഹാരാഷ്ട്രയിൽ രോഗബാധയേറ്റവരുടെ ആകെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് മാത്രം 3493 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 101141 ആയി. ഇന്ന് മാത്രം 127 പേരുടെ മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആകെ മരണം 3717 ആി. നിലവിൽ 49616 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇന്ന് 1718 പേർക്ക് കൊവിഡ് രോഗം ഭേദമായി.
ദില്ലിയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 2137 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമായാണ് ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36824 ആയി. 71 രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 1214 ആയി. 13398 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
ദില്ലിയിൽ കൊവിഡ് ബാധിച്ച് പൊലീസുകാരൻ മരിച്ചു. ദില്ലി പൊലീസിൽ എഎസ്ഐ ആയ ആളാണ് മരിച്ചത്. കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സരോജിനി നഗർ മിനി മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 15 മുതൽ 30 വരെ അടച്ചിടാനാണ് തീരുമാനിച്ചത്. ഈ മാർക്കറ്റിലെ നൂറോളം കടകളാണ് അടയ്ക്കുന്നത്. കൊവിഡ് ഭീതി കണക്കിലെടുത്ത് മിനി മാർക്കറ്റ് അസോസിയേഷനാണ് ഈ തീരുമാനം എടുത്തത്. മാർക്കറ്റിലെ വലിയ കടകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
അതേസമയം ഗുജറാത്തിൽ ഇന്ന് 495 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 22,562 ആയി. ഇന്ന് മാത്രം 31 പേർ വൈറസ് ബാധയേറ്റ് മരിച്ചു. ആകെ 1,416 പേരാണ് ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്ര പ്രദേശിൽ സ്വകാര്യ ലാബുകൾക്ക് കൊവിഡ് ടെസ്റ്റ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഐസിഎംആർ അനുമതിയുള്ള ലാബുകൾക്ക് മാത്രമേ ടെസ്റ്റ് നടത്താൻ അനുവാദമുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam