
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യ മന്ത്രി വിജയഭാസ്ക്കറാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഉൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 62000 കവിഞ്ഞു. 24 മണിക്കൂറിനിടെ 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 62087 ആയി. ഇതില്‍ 1487 പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 42752 ആയി. ഇന്ന് 37 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ മരണസംഖ്യ 794 ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 623 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
കൊവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ കൂടുതൽ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മധുരയിൽ ഏഴ് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെല്ലൂർ, റാണിപേട്ട് ജില്ലകളും അടച്ചിടും. ചെന്നൈയിൽ ഉൾപ്പടെ ഈ മാസം 30 വരെ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നീട്ടുന്ന കാര്യവും സർക്കാർ പരിഗണിക്കുകയാണ്. സമ്പൂർണ്ണ അടച്ചിടൽ ഗുണം ചെയ്തെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ബംഗ്ലൂരുവിലെ പ്രധാന ഇടങ്ങളിലും വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കലാസിപാളയം, സിദ്ധപുര, വി വി പുരം ഉൾപ്പടെയുള്ള മേഖലകളിൽ 14 ദിവസത്തേക്കാണ് അടച്ചിടൽ. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam