
ദില്ലി: ഇന്ത്യയിൽ കൊവിഡ് (Covid 19) ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി (Covid Third Wave) നിൽക്കുമ്പോൾ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവർന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ജൂലൈയിലാണ് കൊവിഡ് മരണം രാജ്യത്ത് 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്കെത്തിയതെന്നതും ആശ്വാസകരമാണ്. എന്നാൽ വാക്സീൻ മരണ സംഖ്യയിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തിൽ രാജ്യത്ത് മരിച്ചവരിൽ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിക്കാത്തവരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകരാജ്യങ്ങളിൽ കൊവിഡ് മരണ സംഖ്യയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഇന്ത്യക്ക് മുകളിലുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചത്. 9.1 ലക്ഷം പേർ അമേരിക്കയിൽ കൊവിഡിന് കീഴടങ്ങിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 6.3 ലക്ഷം പേരും കൊവിഡ് രോഗ ബാധിതരായി മരിച്ചു. ഇന്ത്യയിൽ മൂന്നാം തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്ന് തന്നെയാണ്. ഇന്നും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിന് മുകളിലെത്തി.
കേരളത്തിൽ ഇന്ന് കൊവിഡ് അവലോകനം, ഇളവുകൾക്ക് സാധ്യത
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകനയോഗം ചേരും. വ്യാപനത്തിൽ കുറവ് പ്രകടമായ
സ്ഥിതിയ്ക്ക് ഇളവുകൾക്ക് സാധ്യതയുണ്ട്. വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ നിന്ന് മാറ്റാനിടയുണ്ട്. മൂന്നാംതരംഗത്തിൽ ആദ്യമായി ഇന്നലെ ആക്റ്റീവ് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. ഞായാറാഴ്ച്ചയിലെ ലോകക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നതിനാൽ ഇന്ന് ഇക്കാര്യത്തിൽ മാറ്റത്തിന് സാധ്യതയില്ല. ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണവും തുടർന്നേക്കും. ആൾക്കൂട്ടത്തിന്റെ കാര്യത്തിലും പൊതുപരിപാടികളുടെ നിയന്ത്രണവും ഒരാഴ്ച്ച കൂടി തുടർന്നേക്കും. നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം,കോട്ടയം ജില്ലകളാണ് സി കാറ്റഗറിയിലുള്ളത്. രാവിലെ 11 മണിക്കാണ് അവലോകന യോഗം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam