കൊവിഡ് കണക്കുകള്‍ പുറത്തുവിടുക ഇനി ദിവസത്തില്‍ ഒരുതവണ; രാജ്യത്ത് രോഗബാധിതര്‍ 46711 ആയി

By Web TeamFirst Published May 5, 2020, 7:53 PM IST
Highlights

കൊവിഡ് കണക്കിലെ അസാധാരണ കുതിച്ചു ചാട്ടത്തില്‍ വിശദീകരണവുമായി ഇന്ന് കേന്ദ്രം രംഗത്തെത്തിയിരുന്നു.രോഗവ്യാപനം കുറയുന്നുവെന്ന അവകാശവാദവും, കൊവിഡ് കണക്കിലെ വര്‍ധനയും തമ്മില്‍ പൊരുത്തപ്പെടാത്ത ഘട്ടത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നല്‍കിയത്

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46711 ആയി. 1583 പേര്‍ ഇതുവരെ മരിക്കുകയും 13161 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം നാളെ മുതൽ രാജ്യത്തെ കൊവിഡ് കണക്കുകൾ പുറത്തു വിടുന്നത് ദിവസത്തിൽ ഒരു തവണ മാത്രമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാവിലെ മാത്രമാകും ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്‍സൈറ്റില്‍ കണക്കുകൾ പുറത്ത് വിടുന്നത്. നിലവിൽ രാവിലെയും വൈകുന്നേരവും കൊവിഡ് കണക്കുകൾ പുറത്ത് വിടാറുണ്ടായിരുന്നു.

അതേസമയം കൊവിഡ് കണക്കിലെ അസാധാരണ കുതിച്ചു ചാട്ടത്തില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തി. രോഗവ്യാപനം കുറയുന്നുവെന്ന അവകാശവാദവും, കൊവിഡ് കണക്കിലെ വര്‍ധനയും തമ്മില്‍ പൊരുത്തപ്പെടാത്ത ഘട്ടത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നല്‍കിയത്. ഏറെ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് ചില സംസ്ഥാനങ്ങള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കിയതെന്ന് ജോയിന്‍റ്  സെക്രട്ടറി അഗര്‍വാള്‍ പറഞ്ഞു.

മെയ് ഒന്ന് വരെയുള്ള യാഥാര്‍ത്ഥ ചിത്രം പശ്ചിമബംഗാള്‍ മറച്ചുവച്ചുവെന്ന് രോഗബാധയെ കുറിച്ച് പഠിക്കുന്ന കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചില വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റിയതായി പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ പിന്നീട് സമ്മതിക്കുകയും  ചെയ്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ്  വീടുവീടാന്തരം കയറിയുള്ള കൊവിഡ്  വിവര ശേഖരണത്തിന്  കേന്ദ്രം തയ്യാറെടുക്കുന്നതെന്നാണ് സൂചന. തീവ്രബാധിത മേഖലകളായ ജില്ലകളിലെ സ്ഥിതിഗതി കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

click me!