
ജയ്പൂര്‍: ലോക്ക്ഡൗൺ നീട്ടിയതിന് പിന്നാലെ ജോലി സ്ഥലത്തുനിന്ന് ഗ്രാമത്തിലെത്താൻ അതിഥി തൊഴിലാളി നടന്നത് 200 കിലോമീറ്റർ. അജ്മീർ ജില്ലയിൽ നിന്ന് ഭിൽവാരയിലെ തന്റെ ഗ്രാമത്തിലേക്ക് എത്താനാണ് കമലേഷ് മീന(24) ഇത്രയും ദൂരം യാത്ര ചെയ്തത്. ഗ്രാമത്തിലെത്തിയ കമലേഷ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം ക്വാറൻൈനിൽ പ്രവേശിച്ചു. മുളകൊണ്ട് മരത്തിന് മുകളിൽ ഉണ്ടാക്കിയ കുടിലാണ് കമലേഷ് ക്വാറന്റൈൻ കേന്ദ്രമാക്കിയത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക്ഡൗൺ നടക്കുന്നതിനിടെയാണ് കമലേഷ് മീന ഏപ്രിൽ 16ന് അജ്മീറിലെ കിഷൻഗഡിൽ നിന്ന് കാൽനടയായി ജഹാജ്പൂർ തഹ്‌സിലിലെ ഷെർപുര ഗ്രാമത്തിലെത്തിയത്. എന്നാൽ, കൊവിഡ് ബാധ ഉണ്ടാകുമെന്ന് ഭയന്ന പ്രദേശവാസികൾ കമലേഷ് ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടഞ്ഞു. പിന്നാലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് മെഡിക്കൽ ടീമിനെ വിളിച്ചുവരുത്തി പരിശോധന നടത്തി. ശേഷം ഇയാളോട് 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു.
ശേഷം ഗ്രാമത്തിൽ നിന്ന് അകലെയുള്ള വയലിൽ കമലേഷിന് താമസമൊരുക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. ഗ്രാമവാസികളും മീനയുടെ കുടുംബാംഗങ്ങളും ചേർന്ന് മരത്തിന് മുകളിൽ മുളകളും നെറ്റും കൊണ്ട് കുടിൽ നിർമ്മിച്ചു നൽകി. അച്ഛൻ സാഗർമൽ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും മകന് എത്തിച്ചു നൽകുകയും ചെയ്തു.
"കമലേഷ് തന്റെ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി. ഒരു മെഡിക്കൽ സംഘം എല്ലാ ദിവസവും പരിശോധനയ്ക്കായി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇപ്പോൾ കമലേഷ് കുടുംബത്തോടൊപ്പം താമസിക്കുകയാണ്" പഞ്ചായത്ത് പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ ഷിയോജിറാം മീന പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam