'മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയക്കും'; വെബ്‍സൈറ്റിലെ തകരാര്‍ പരിഹരിച്ചതായി തമിഴ്‍നാട് സര്‍ക്കാര്‍

By Web TeamFirst Published May 5, 2020, 7:20 PM IST
Highlights

മറ്റ് സംസ്ഥാനങ്ങൾ യാത്രാപാസ് നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്‍പോസ്റ്റില്‍ കുടുങ്ങിയത്. 
 

ചെന്നൈ: മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയയ്‍ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി. ഇതിനായി തമിഴ്‍നാട് സർക്കാരിന്‍റെ പാസ് നിർബന്ധമാക്കി. വെബ്‍സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും അപേക്ഷിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നല്‍കുമെന്നും തമിഴ്‍നാട് സര്‍ക്കാര്‍ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങൾ യാത്രാപാസ് നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്‍പോസ്റ്റില്‍ കുടുങ്ങിയത്. 

നോർക്ക വഴി കേരളം പാസ് നൽകിയെങ്കിലും അയൽ സംസ്ഥാനങ്ങൾ യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആളുകള്‍ പാതി വഴിയിൽ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേരെ കളിയാക്കാവിളയിൽ തമിഴ്നാട് പൊലീസ് തടയുകയായിരുന്നു. പാസില്ലാതെ വിടില്ലെന്ന് പൊലീസ് കടുംപിടുത്തം പിടിച്ചെങ്കിലും അപേക്ഷ നൽകേണ്ട വെബ്‍സൈറ്റ് പണിമുടക്കിയതോടെ മണിക്കൂറുകൾക്ക് ശേഷം ഇവരെ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു.

കർണ്ണാടക ഷിരൂർ ചെക്പോസ്റ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്നത്തിയ നാൽപതംഗ സംഘത്തെയാണ് തടഞ്ഞത്. കർണാടക പൊലീസ് കേരള അതിർത്തി വരെ ഇവരെ അനുഗമിക്കാൻ തീരുമാനിച്ചതോടെ നാല് മണിക്കൂറിന് ശേഷമാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. കുടുങ്ങിയവരെ തീവണ്ടികളിൽ എത്തിക്കാൻ കേന്ദ്രാനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. എന്നാൽ ഇവർക്കായി ബസുകൾ ഏർപ്പാടാക്കാൻ തൽക്കാലം ആലോചിക്കുന്നില്ല


 

click me!