
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും 24 മണിക്കൂറിനിടെ വൻ വർധന. മരിച്ചവരുടെ എണ്ണം 1568 ആയി. രോഗബാധിതരുടെ എണ്ണം 46433 ലേക്ക് ഉയർന്നു. ഇന്നലെ വരെ 42836 പേർക്കാണ് രോഗം ബാധിച്ചിരുന്നത്.
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 195 പേരാണ് മരിച്ചത്. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഇതേ സമയത്തിനുള്ളിൽ 3900 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ 12727 പേർക്ക് രോഗം ഭേദമായിട്ടുണ്ടെന്നും 32134 പേർ ചികിത്സയിൽ കഴിയുന്നുവെന്നുമാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.
സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതായാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ പറഞ്ഞത്. എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട കണക്കുകളിൽ കുത്തനെ വർധനവുണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം പ്രവാസി ഇന്ത്യാക്കാരുടെ മടങ്ങിവരവിനായി കപ്പലുകളും വിമാനങ്ങളും അയച്ച കേന്ദ്ര സർക്കാർ നടപടി ലോകത്തുള്ള ഇന്ത്യാക്കാർക്ക് ആശ്വാസകരമായ ഒന്നാണ്. ഇന്നലെ രാത്രി നാവികസേനയുടെ മൂന്ന് കപ്പലുകൾ മാലിദ്വീപിലേക്കും ദുബൈയിലേക്കും യാത്ര തിരിച്ചു. വിദേശത്ത് നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ 84 വിമാനങ്ങളും സർവീസ് നടത്തുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam