
ഗുവാഹത്തി: കൊറോണ വൈറസ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആസാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു. ആസാമില്‍ 2800 വളര്‍ത്തു പന്നികളാണ് ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഫെബ്രുവരി മുതല്‍ ചത്തുകൊണ്ടിരിക്കുന്നത്. 100 ശതമാനം മരണ നിരക്കുള്ള മാരക വ്യാധിയാണ് ആഫ്രിക്കന്‍ പന്നിപ്പനി. വളര്‍ത്തു പന്നികളിലാണിത് കണ്ടുവരുന്നത്. കൊറോണ വൈറസ് പോലെ ആഫ്രിക്കൻ പന്നിപ്പനിയുടെയും ഉറവിടെ ചൈനയാണെന്നാണ് ആസ്സാമിന്റെ ആരോപണം. 2018-2020 കാലയളവിൽ ചൈനയിലെ അറുപത് ശതമാനം വളർത്തുപന്നികളും ചത്തത് ആഫ്രിക്കൻ പന്നിപ്പനി മൂലമായിരുന്നു.
ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ, സ്ഥിതി വളരെ ഗുരുതരമാണെന്ന് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രതിസന്ധിയെ പ്രതിരോധിക്കാൻ മൃഗസംരക്ഷണ വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സംഘത്തെ നിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി.
പന്നികൾ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തിൽ സ്വകാര്യ പന്നി ഫാമുകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫാമും, പരിസരവും അണുവിമുക്തമാക്കണം. പുറത്തു നിന്നും ആളുകളെ ഫാമിനകത്തേക്ക് പ്രവേശിപ്പിക്കരുത്. പന്നികളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൻ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ഫാം ഉടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
1921 ല്‍ ലോകത്ത് ആദ്യമായി ആഫ്രിക്കയിലെ കെനിയയിലാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. 2019ലെ കണക്കുകൾ പ്രകാരം 21 ലക്ഷമാണ് അസമിലെ പന്നികളുടെ എണ്ണം. ഇപ്പോൾ അത് 10 ലക്ഷം കൂടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam