
അഗർത്തല: വെസ്റ്റ് ത്രിപുരയിലെ കൊവിഡ് കെയർ സെന്ററിലെ ഒരു കൂട്ടം കൊവിഡ് രോഗികൾ ചേർന്ന് വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതി. കൂടുതൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഡോക്ടറെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ത്രിപുര ജില്ല നിരീക്ഷണ ഓഫീസർ ഡോ സംഗീത ചക്രവർത്തിയാണ് അക്രമത്തിനിരയായത്.
നവജാതശിശുക്കളുൾപ്പെടെയുള്ള അഞ്ച് സ്ത്രീകളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മറ്റ് രോഗികളെല്ലാം ചേർന്ന് പ്രതിഷേധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സെന്ററിലെ മറ്റ് ഡോക്ടേഴ്സ് രോഗികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ഡോ സംഗീതയുടെ ദേഹത്ത് തുപ്പുകയും കൊവിഡ് വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമം നടത്തിയ രണ്ടുപേരെ തിരിച്ചറിയാൻ സാധിച്ചതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് മണിക് ലാൽ ദാസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട രോഗികൾ സുഖം പ്രാപിക്കുന്നത് കാത്തിരിക്കുകയാണെന്നും അതിന് ശേഷം നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ല. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്ന കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യാനാണ് നിയമം അനുശാസിക്കുന്നത്.
കൊവിഡ് കെയർ സെന്ററിൽ 300 കിടക്കകളാണുള്ളത്. 270 രോഗികളാണ് അഡ്മിറ്റായിട്ടുള്ളത്. അഞ്ച് പേരെക്കൂടി അഡ്മിറ്റ് ചെയ്യാനാണ് ഡോ സംഗീത ശ്രമിച്ചത്. ഡോക്ടറെ അധിക്ഷേപിക്കുകയും തുപ്പുകയും ചെയ്ത രോഗികൾക്ക് മേൽ കർശനമായ നടപടി എടുക്കണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam