കൊവിഡ് കേസുകളിലെ വര്‍ധന; താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി

By Web TeamFirst Published Dec 22, 2022, 3:52 PM IST
Highlights

പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചവർക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദർശകർക്കും ബാധകം എന്ന് ജില്ലാ ആരോഗ്യ വകുപ്പ്

രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യതയെന്ന സൂചനകള്‍ക്കിടെ ആഗ്രയിലെ താജ്മഹലിൽ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിർബന്ധമാക്കി.  പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചവർക്ക് മാത്രമാണ് താജ് മഹലില്‍ പ്രവേശനം അനുവദിക്കുക. നിബന്ധന എല്ലാ സന്ദർശകർക്കും ബാധകം എന്ന് ജില്ലാ ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ദിവസേന നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടമായത് കണക്കിലെടുത്താണ് നിയന്ത്രണമെന്ന് ആരോഗ്യ വകുപ്പ് വിശദമാക്കി.

ചൈന, ബ്രസീല്‍, ദക്ഷിണ കൊറിയ, ജപാപ്ന്‍ എന്നിവിടങ്ങളില്‍ വലിയ രീതിയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം. രോഗ ബാധ തടയുന്നതിനായി ഇതിനോടകം ജില്ലാ ഭരണകൂടം ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശമുള്ളതിനാല്‍ ടെസ്റ്റിംഗ് അല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ഇതിനോടകം കൊവിഡ് വകഭേദത്തിലെ 185  രോഗികളാണ് ഉള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഡിസംബര്‍ 22 ലെ കണക്കുകള്‍ വിശദമാക്കുന്നത്. ബുധനാഴ്ച മാത്രം 131 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 

മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാവരും വാക്സിന്റെ മുൻകരുതൽ ഡോസ് എടുക്കണമെന്നും കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന പശ്ചാത്തലത്തിൽ മാസ്ക് നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!