
ദില്ലി: ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
കൊവിഡ് ബാധിതരായ 1501 പേർ ഇതേസമയം മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തിൽ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ആദ്യം ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്സിൻ സൗകര്യം ഇല്ലായിരുന്നു. വെൻറിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും ഷാ ചൂണ്ടിക്കാട്ടുന്നു. ജനിതക വ്യതിയാനമാണ് കൊവിഡ് കേസുകൾ കൂടാൻ കാരണമെന്നും, അതിനെ നേരിടാനുള്ള വഴികൾ ഗവേഷകർ വൈകാതെ കണ്ടെത്തുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam