
ദില്ലി: കൊറോണയുടെ ഭീതി പടരുന്നതിനിടെ ഇറാനിൽ കേരളത്തിൽ നിന്നുള്ള 85 മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം. ഇറാനിലെ കിഷ് ദ്വീപിൽ 340 ഇന്ത്യൻ മത്സ്യതൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ഇവരിൽ കൊല്ലം സ്വദേശിയായ ഡാർവിനുമുണ്ട്
ഇവരെ പരിശോധിക്കാനായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധരെ നിയോഗിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെങ്കിൽ ഇവരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളോട് വിസ പണം മടക്കി നൽകണമെന്നാവശ്യപ്പെട്ട് സ്പോണ്‍സർ ഭീഷണിപ്പെടുത്തിയെന്ന് വിവരമുണ്ട്. മൂന്ന് ദിവസത്തിനകം പണം നൽകിയില്ലെങ്കിലും കുടിവെള്ളം പോലും നൽകില്ലെന്നും, നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണി. മത്സ്യത്തൊഴിലാളികളെ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെങ്കിലും ഇവർക്കുള്ള സഹായം ഒരുക്കിയിട്ടില്ല.
ഇറാനിലെ അസലൂരിൽ 17 മലയാളികൾ അടക്കം 23 ഇന്ത്യാക്കാരാണ് കുടുങ്ങിയത്. കൂടുതൽ മത്സ്യത്തൊഴിലാളികൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ ഇറ്റലിയില്‍ മലയാളികള്‍ ഉള്‍പ്പടെ 85 വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. പാവിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഇറ്റലിയിലെ ലൊംബാര്‍ഡി പ്രവശ്യയില്‍ കുടുങ്ങിയത്. 85 വിദ്യാര്‍ത്ഥികളില്‍ നാല് പേര്‍ മലയാളികളാണ്. കോവിഡ് 19 ബാധയില്‍ ലൊംബാര്‍ഡിയില്‍ 17 പേര്‍ മരിച്ചതായാണ് വിവരം. പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 15 പേര്‍ നിരീക്ഷണത്തിലുമാണ്. ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളും റദ്ദു ചെയ്തു.
അതേസമയം കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെ ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam