
ദില്ലി: ലോകത്താകമാനം പടർന്നുപിടിച്ചുക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്ന അവകാശവാദവുമായി ബിജെപി എംഎൽഎ. ഉത്തരാഖണ്ഡിലെ ലക്സറിൽനിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗുപ്തയാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയത്. ഗോമൂത്രത്തിലൂടെയും പുരാതന ഹിന്ദുമത ആചാരപ്രകാരമുള്ള യജ്ഞത്തിലൂടെയും ശരീരത്തിലും വായുവിലുമുള്ള കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുമെന്നും സഞ്ജയ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദുമതത്തിലെ പുരാതന വേദ ആചാരങ്ങൾ ഉപയോഗിച്ച് യജ്ഞം നടത്തുന്നത് മാരകമായ കൊറോണ വൈറസിനെ വായുവിൽനിന്ന് തുടച്ചുനീക്കാൻ സഹായിക്കും. ചാണകം ഉപയോഗിച്ച് നിലം മെഴുകുന്നതും കൊറോണ വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. പണ്ടുള്ളവർ ചാണകം ഉപയോഗിച്ചായിരുന്നു നിലംമെഴുകിയിരുന്നത്. ചാണകം ഒരു അണുനാശിനി ആണെന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാൽ ഇന്ന് ജനങ്ങൾ അത് മറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read More: കൊറോണയെ നേരിടാന്‍ 'ഗോമൂത്ര സല്‍ക്കാര'വുമായി ഹിന്ദുമഹാസഭ
വീണ്ടും ചാണകം ഉപയോഗിച്ച് നിലമെഴുകുന്നത് വൈറസ് വീടുകളിൽ പ്രവേശിക്കുന്നത് തടയും. ചാണകത്തിനും ഗോമൂത്രത്തിനും ആന്റി വൈറസ് ഗുണങ്ങളുള്ളതിനാൽ കൊറോണ ബാധിക്കുന്നത് തടയാൻ സഹായിക്കും. അതിനാൽ ആളുകൾ ഗോമൂത്രം കുടിക്കുകയും വേണമെന്നും സഞ്ജയ് കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് സർക്കാർ സഭയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഗുപ്തയുടെ പ്രസ്താവന.
അതേസമയം, ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ വിവിധ ചെക്ക്പോസ്റ്റുകളിലായി 17,387ലധികം ആളുകളെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് പാർലമെന്ററി കാര്യമന്ത്രി മദൻ കൗശിക് പറഞ്ഞു. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് 437 പേർ ഉത്തരാഖണ്ഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഇതിൽ 319 പേർ മുൻകരുതൽ നിരീക്ഷണം പൂർത്തിയാക്കിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: കൊറോണയെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് കഴിഞ്ഞേക്കും; ബിജെപി എംഎൽഎ
കഴിഞ്ഞ ദിവസം അസമിലെ ബിജെപി എംഎൽഎയായ സുമന്‍ ഹരിപ്രിയ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും സഹായകമാവുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. അർബുദം പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാനും ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്നും സുമൻ നിയമസഭയില്‍ പറഞ്ഞിരുന്നു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam