ദില്ലി: ഇന്ത്യയിൽ വീണ്ടും കൊറോണ (കൊവിഡ്19)  ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ ചായ സല്‍ക്കാരത്തിന് സമാനമായി ഗോമൂത്ര സല്‍ക്കാരങ്ങള്‍  സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദുമഹാസഭ. ചൊവ്വാഴ്ച ദില്ലിയില്‍ ആറാമത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഹിന്ദുമഹാസഭ പ്രസിഡന്‍റ് ചക്രപാണി മഹാരാജിന്‍റെ പ്രഖ്യാപനം. കൊറോണ ദില്ലിയില്‍ വ്യാപിക്കാന്‍ അവസരമൊരുക്കില്ലെന്നും ഗോമൂത്ര പാര്‍ട്ടികള്‍ ഒരുക്കി കൊവിഡ് 19 നെ നേരിടുമെന്ന് ചക്രപാണി മഹാരാജ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊറോണയെ നേരിടാന്‍ ഗോമൂത്രവും ചാണകവും കഴിക്കുന്നത് സഹായിക്കുമെന്നതിനേക്കുറിച്ച് ആളുകളെ അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും.

ചായ സല്‍ക്കാരങ്ങള്‍ പോലെ തന്നെ ഗോമൂത്ര സല്‍ക്കാരങ്ങള്‍ ഒരുക്കും ചാണക കേക്കുകളില്‍ സല്‍ക്കാരത്തിലുണ്ടാവും. ആളുകള്‍ക്ക് കുടിക്കാനുള്ള ഗോമൂത്രം സത്കാരങ്ങളില്‍ നല്‍കും. ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബത്തിയും വീടിന്‍റെ ഭിത്തിയില്‍ ചാണകം പതിപ്പിക്കുന്നതും കൊറോണ പടരുന്നത് തടയുമെന്നും ചക്രപാണി പറഞ്ഞു. ദില്ലിയിലെ ഹിന്ദു മഹാസഭ ഭവനില്‍ ആയിരിക്കും ഗോമൂത്ര സല്‍ക്കാര പരിപാടി ആദ്യമായി സംഘടിപ്പിക്കുക. രാജ്യമെമ്പാടും സമാനമായ പരിപാടികള്‍ ഒരുക്കും. രാജ്യമെമ്പാടുമുള്ള ഗോശാലകളുമായി ഹിന്ദു മഹാസഭ ബന്ധപ്പെട്ടിട്ടുണ്ട്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ഗോമൂത്ര സല്‍ക്കാരം ആരംഭിക്കുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു. തെലങ്കാനയിലേക്ക് കൊറോണ പകര്‍ന്നതിന് കാരണം മന്ത്രിമാര്‍ പൊതുവേദിയില്‍ ചിക്കന്‍ കഴിച്ചതാണെന്നും ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു.

'ഓം നമ:ശിവായ ജപിച്ച് ശരീരത്തില്‍ ചാണകം പുരട്ടിയാല്‍ കൊറോണയില്‍ നിന്ന് രക്ഷപ്പെടാം': ഹിന്ദു മഹാസഭ അധ്യക്ഷന്‍

ദില്ലിക്ക് പുറമെ തെലങ്കാനയിലാണ് കൊവിഡ്19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇദ്ദേഹം ദുബായിൽ നിന്ന് ബെംഗളൂരു വഴിയാണ് വന്നത്. 80 പേർ ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി പറഞ്ഞു.

'കൊറോണ ഒരു വൈറസ് അല്ല, മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനുള്ള അവതാരം'; വിചിത്രവാദവുമായി ഹിന്ദു മഹാസഭ

കേരളത്തിൽ കൊവിഡ്19 ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരടക്കം നിരവധിപ്പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. ഇവരാരും രോഗബാധിതരല്ല. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോൾ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു