രാമക്ഷേത്രനിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഉദ്ധവ് താക്കറേ; സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ല

By Web TeamFirst Published Mar 7, 2020, 2:52 PM IST
Highlights

സർക്കാർ ഫണ്ടിൽ നിന്നല്ലാതെ സ്വന്തം ട്രസ്റ്റിൽ നിന്ന് പണം നൽകുമെന്നാണ് ഉദ്ധവ് താക്കറേ പറഞ്ഞത്. അയോധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

ദില്ലി: അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പറഞ്ഞു. സർക്കാർ ഫണ്ടിൽ നിന്നല്ലാതെ സ്വന്തം ട്രസ്റ്റിൽ നിന്ന് പണം നൽകുമെന്നാണ് ഉദ്ധവ് താക്കറേ പറഞ്ഞത്. അയോധ്യ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

ശിവസേന ബിജെപി യിൽ നിന്ന് അകന്നു. പക്ഷേ ഹിന്ദുത്വത്തിൽ നിന്ന് അകന്നിട്ടില്ല. ബിജെപി എന്നാൽ ഹിന്ദുത്വം എന്ന് അർത്ഥമില്ല.ബിജെപിയുടെ ഹിന്ദുത്വവും യഥാർത്ഥ ഹിന്ദുത്വവും വ്യത്യസ്തമാണെന്നും ഉദ്ധവ് താക്കറ േപറഞ്ഞു.

രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഉദ്ധവ് താക്കറേയുടെ അയോധ്യ സന്ദര്‍ശനം. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളില്‍ ബാല്‍താക്കറേ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ശിവസേനക്ക് പ്രാതിനിധ്യം നല്‍കണമെന്നാണ് ആവശ്യം.

മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ വേളയിലാണ് ഉദ്ധവിന്‍റെ  അയോധ്യ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്‍റെ ഭാഗമായ ശിവസേന ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്ന സൂചന കൂടി നല്‍കുന്നതായിരുനന്ു ഈ സന്ദര്‍ശനം.

നേരത്തെ, സുപ്രീം കോടതി വിധി അനുസരിച്ച് അയോധ്യയില്‍ അനുവദിക്കപ്പെട്ട അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡ് സ്വീകരിച്ചിരുന്നു. 2.77 ഏക്കർ തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ നൽകിയതിന് പകരം സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു. നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ അഭിപ്രായം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.

ബാബ്റി മസ്ജിദിന് പകരം മുസ്ലിം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തി യുപി സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.

കര്‍സേവകര്‍ 1992ലാണ് ബാബ്‍രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്‍റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചാണ് പള്ളി പൊളിച്ചത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്.

Read Also: രാമക്ഷേത്ര നിര്‍മ്മാണത്തിന് പുരാതന നാണയം സമ്മാനിച്ച് മുസ്ലിം യുവാവ്, വില ലക്ഷങ്ങള്‍

click me!