
മുംബൈ: വി ഡി സവർക്കറെക്കുറിച്ച് പഠിക്കാനും സ്വയം വിവരങ്ങൾ നേടാനും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ബോംബെ ഹൈക്കോടതി തള്ളി. അഭിനവ് ഭാരത് കോൺഗ്രസ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്‍റായ പങ്കജ് കുമുദ്ചന്ദ്ര ഫഡ്‌നിസാണ് ഈ ഹർജി നൽകിയത്. സവർക്കറെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തുന്ന പക്വതയില്ലാത്തതും നിരുത്തരവാദപരവുമായ പ്രസ്താവനകൾ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്ന് ഫഡ്‌നിസ് ചൂണ്ടിക്കാട്ടി. താൻ സവർക്കറെക്കുറിച്ച് ഗവേഷണം നടത്തുന്നയാളാണെന്നും ഫഡ്‌നിസ് അവകാശപ്പെട്ടു.
ചീഫ് ജസ്റ്റിസ് അലോക് ആരാധെയും ജസ്റ്റിസ് സന്ദീപ് മർണെയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. രാഹുൽ ഗാന്ധിയോട് വ്യക്തിപരമായി നിങ്ങളുടെ ഹർജി വായിക്കാനും പഠിക്കാനും നിർദേശിക്കാനാണല്ലോ നിങ്ങളുടെ ആവശ്യം. അദ്ദേഹത്തെ നിങ്ങളുടെ ഹർജി വായിക്കാൻ എങ്ങനെയാണ് കോടതിക്ക് നിർബന്ധിക്കാൻ കഴിയുക എന്ന് ബെഞ്ച് ചോദിച്ചു.
ഇതിന് മറുപടിയായി ഹർജിക്കാരൻ, അദ്ദേഹം പ്രതിപക്ഷ നേതാവാണെന്നും ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയായാൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്നും ഹര്‍ജിക്കാരൻ വാദം ഉന്നയിച്ചു. ഇതിന് മറുപടിയായി "ഞങ്ങൾക്കറിയില്ല. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് നിങ്ങൾക്ക് അറിയാമോ?" എന്ന് കോടതി ഉടൻതന്നെ തിരിച്ചടിച്ചു. എന്നാല്‍, രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഹർജിക്കാരന് നിയമപരമായ മാർഗമുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
വി ഡി സവർക്കറുടെ ബന്ധു ഇതേ വിഷയത്തിൽ നേരത്തെ പൂനെയിലെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേസ് നടന്നുവരികയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഹർജിക്കാരൻ ഈ വർഷം ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ അന്ന് ഹർജി തള്ളിയിരുന്നുവെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. നേരത്തെ, ഏപ്രിലിൽ സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ സുപ്രീം കോടതി ശക്തമായ നിലപാട് എടുത്തിരുന്നു. സ്വാതന്ത്ര്യസമര സേനാനികൾക്കെതിരെ ഇത്തരം പരാമർശങ്ങൾ അനുവദിക്കില്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു.