
മുംബൈ: പതിനായിരങ്ങളെ അണിനിരത്തി സിപിഎം മഹാരാഷ്ട്രയിൽ നടത്തിയ ലോങ് മാർച്ച് വിജയം കണ്ടു. വനാവകാശ നിയമം കൃത്യമായി നടപ്പിലാക്കുക, ജൽ ജീവൻ മിഷനിലെ അമിതമായ കാലതാമസം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാൽഘർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ആവശ്യപ്പെട്ട കാര്യങ്ങൾ സർക്കാർ അംഗീകരിച്ചു. ജില്ലാ കളക്ടർ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പുനൽകിയ സാഹചര്യത്തിൽ സമരം നിർത്തിവെക്കുകയാണെന്ന് സിപിഎം പിബി അംഗവും അഖിലേന്ത്യാ കിസാൻ സഭ പ്രസിഡൻ്റുമായ അശോക് ധവാലെ അറിയിച്ചു.
ഏപ്രിൽ 30നകം വനാവകാശ നിയമവുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കും, ഭൂമി രജിസ്ട്രേഷൻ വേഗത്തിലാക്കും ഇതിനായി എഡിഎമ്മിൻ്റെ നേതൃത്വത്തിൽ സമിതിയുണ്ടാക്കി. സിപിഎമ്മിൻ്റെയും കിസാൻ സഭയുടെയും അഞ്ച് നേതാക്കൾ ഇതിൽ അംഗങ്ങളാവും. കേന്ദ്ര സർക്കാർ തീരുമാനിക്കേണ്ട മറ്റ് വിഷയങ്ങളിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിഷയം ധരിപ്പിക്കുമെന്നാണ് ജില്ലാ കളക്ടർ നൽകിയ മറുപടിയെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ ചരോട്ടിയിൽ നിന്ന് പാൽഖറിലേക്കാണ് മാർച്ച് നടത്തിയത്. സിപിഎം പിബി അംഗങ്ങളുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ അണിനിരന്നു. രാത്രിയും പകലും നാല് ദിവസത്തോളം നടന്നാണ് സമരക്കാർ പാൽഖറിലെത്തിയത്. ഇവിടെ കളക്ട്രേറ്റിന് മുന്നിൽ സമരക്കാർ കുത്തിയിരുന്നു. ഇതോടെ കളക്ടറടക്കം ആർക്കും കളക്ട്രേറ്റിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെയാണ് സമരക്കാരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam