
ചെന്നൈ: തമിഴ്‌നാട്ടിൽ സഖ്യ സർക്കാരിലേക്ക് ടിവികെ ക്ഷണിച്ചെങ്കിലും സിപിഎം അനുകൂല തീരുമാനമെടുക്കില്ലെന്ന് സൂചന. ടിവികെ ക്ഷണം നിലനിൽക്കെ, ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഷൺമുഖവും സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജും നിയുക്ത എംഎൽഎമാരായ ടി ലതയും ആർ സെല്ലസാമിയും ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ്റെ വീട്ടിലെത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ മത്സരിച്ച സിപിഎം സ്ഥാനാർത്ഥികളിൽ രണ്ട് പേരാണ് വിജയിച്ചത്. ഈ വിജയത്തിൽ ഒപ്പം പ്രവർത്തിച്ചതിന് ഡിഎംകെയോടുള്ള നന്ദി സൂചിപ്പിക്കാനായാണ് സിപിഎം നേതാക്കളെത്തിയത്. ഈ വിവരം സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ എക്സിലെ ഔദ്യോഗിക ഹാന്റിലിലാണ് പങ്കുവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ടിവികെ നേതാവ് വിജയ് ഇന്ന് ഗവർണറെ കണ്ടെങ്കിലും ഫലം കണ്ടില്ല. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കാൻ നിർദേശിച്ച് തമിഴ്‌നാടിൻ്റെ കൂടെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര അർലേകർ അദ്ദേഹത്തെ മടക്കുകയായിരുന്നു. കോൺഗ്രസ് മാത്രമാണ് ടിവികെയെ ഇപ്പോൾ പിന്തുണച്ചിരിക്കുന്നത്. മുസ്ലിം ലീഗും സിപിഐയും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന നിലപാടിലാണ്. മറ്റ് ചെറുകക്ഷികളിൽ ആരെയെങ്കിലും ഒപ്പം കൂട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്. അതേസമയം ഡിഎംകെ ചേരിയിലുള്ള വിസികെ പാർട്ടിയും അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇനി പിഎംകെ, ഡിഎംഡികെ തുടങ്ങിയ കക്ഷികളെ ടിവികെയ്ക്ക് ആശ്രയിക്കേണ്ടി വരും. എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണക്കാമെന്ന വാഗ്ദാനം ചെയ്തെങ്കിലും വേണ്ടെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കിയതോടെ പിന്മാറി. ബിജെപിക്ക് സംസ്ഥാനത്ത് ഒരു എംഎൽഎ മാത്രമേയുള്ളൂ. അഞ്ച് സീറ്റുള്ള കോൺഗ്രസ് സഖ്യം പ്രഖ്യാപിച്ചതോടെ ഇനി ബിജെപിയുമായി സഖ്യത്തിന് അവസരവുമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam