ത്രിപുര: അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്ത പോലെന്ന് സിപിഎം, പൊലീസ് കാഴ്ചക്കാർ, പ്രതിഷേധിക്കാൻ പിബി നിർദ്ദേശം

By Web TeamFirst Published Sep 9, 2021, 4:21 PM IST
Highlights

അക്രമം നടത്തിയ ബിജെപി പ്രവർത്തകർക്ക് കിട്ടുന്ന സംരക്ഷണം ഇതിന് പിന്നിലെ സംസ്ഥാന സർക്കാരിന്റെ ഒത്താശ തെളിയിക്കുന്നതാണെന്ന് പിബി

ദില്ലി: ത്രിപുരയിലെ അക്രമങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത രീതിയിലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ വിമർശിച്ചു. അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും ഇവർ കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നു. അക്രമം നടത്തിയ ബിജെപി പ്രവർത്തകർക്ക് കിട്ടുന്ന സംരക്ഷണം ഇതിന് പിന്നിലെ സംസ്ഥാന സർക്കാരിന്റെ ഒത്താശ തെളിയിക്കുന്നതാണ്. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട പൊളിറ്റ് ബ്യൂറോ എല്ലാ പാർട്ടി ഘടകങ്ങൾക്കും അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നിർദ്ദേശം നൽകി.

മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പര്യടനം നടക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ തന്നെ ഇന്നലെ അക്രമം ഉണ്ടായത്. പിന്നീടുണ്ടായ തുടർ സംഘർഷത്തിൽ പത്തുപേർക്ക് പരിക്കേറ്റു. സി പി എമ്മിന്റെ രണ്ട് ഓഫീസുകൾ കത്തിച്ചു. ആറ് വാഹനങ്ങളും അഗ്നിക്കിരയാക്കി. മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. നാല് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവരിൽ മൂന്ന് പേർ തങ്ങളുടെ പ്രവർത്തകരാണെന്ന് സി പി എം പറയുന്നു. ബി ജെ പി പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തുവെന്നാണ് പ്രതിബാദി കലാം ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആരേയും ആക്രമിച്ചിട്ടില്ലെന്നും ഏഴ് പ്രവർത്തകരെ സി പി എം  ആക്രമിച്ച് പരിക്കേൽപ്പിച്ചതായും ബിജെപി ആരോപിക്കുന്നു. അതേസമയം അക്രമികൾക്ക് എതിരെ പൊലീസ് നടപടി വേണമെന്ന് മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!