
കാസർകോട്: സിപിഎം ചെറുവത്തൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി. കെ ബാലകൃഷ്‌ണനാണ് പുതിയ ഏരിയാ സെക്രട്ടറി. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്ഥലം വാങ്ങിയതിൽ പാർട്ടി മാനദണ്ഡം പാലിക്കാത്തതിലാണ് നീക്കിയതെന്നാണ് സി പി എം വിശദീകരണം. നിലവില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് മാധവന്‍ മണിയറ.
നേരത്തെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ നടത്തിയ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. അഞ്ച് ലക്ഷത്തിന് മുകളിൽ മൂല്യമുള്ള വസ്തുവോ, വാഹനമോ വാങ്ങുന്ന നേതാക്കൾ ഇക്കാര്യം ആദ്യം പാർട്ടിയെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് പാർട്ടി ചട്ടം.
എന്നാൽ കരിന്തളത്ത് സുഹൃത്തുമായി ചേർന്ന് രണ്ടര ഏക്കർ സ്ഥലം വാങ്ങിയതിൽ മാധവൻ മണിയറ പാർട്ടി അനുമതി വാങ്ങിയിരുന്നില്ല. 12.5 ലക്ഷം രൂപ വീതമെടുത്ത് ആകെ 25 ലക്ഷം രൂപയ്ക്കാണ് മാധവനും സുഹൃത്തും സ്ഥലം വാങ്ങിയത്. ഇത് സംബന്ധിച്ച് പാർട്ടിയിൽ ആരോപണം ഉയർന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനമെന്നായിരുന്നു പരാതി. എന്നാൽ കൃഷി ആവശ്യത്തിനായി വാങ്ങിയ ഭൂമിയെന്നാണ് ഇദ്ദേഹം പാർട്ടിയിൽ വിശദീകരിച്ചത്.