
ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ രാഷ്ട്രീയ റിപ്പോർട്ടിൻ മേലുള്ള ചർച്ച ഇന്നും തുടരും. കേരളത്തിലെ ഗവർണറുടെ ഇടപെടലുകൾ സംബന്ധിച്ച് വിവിധ സംസ്ഥാന ഘടകങ്ങൾ യോഗത്തിൽ അഭിപ്രായം പങ്കുവെയ്ക്കും. കോടിയേരി ബാലകൃഷ്ണന്റെ പിബി ഒഴിവിലേക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ നിയോഗിക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.
കേരള ഘടകം എം വി ഗോവിന്ദന്റെ പേര് സിസി യോഗത്തിൽ ഉന്നയിക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഗവർണർക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിരോധം തീർക്കുന്നതിനും ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേരള ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിമയപരമായും നേരിടാൻ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമായിരുന്നു. ഗവർണറുടെ നടപടികൾക്കെതിരെ ഇന്നലെ സിസിയിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തോടെ വിഷയം ദേശീയ തലത്തിലും ഉയർത്താനാണ് സിപിഎം നീക്കം.
രാഷ്ട്രീയ റിപ്പോർട്ടിൻ മേലുള്ള ചർച്ചയിലാണ് ഗവർണറുടെ വിഷയം ഉയർന്നത്. ഗവർണറുടെ നടപടി ഭരണഘടനക്കെതിരും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന വിമർശനം അംഗങ്ങൾ ഉന്നയിച്ചു. ഗവർണറുടെ ഭീഷണിയെ നേരിടാൻ തന്നെയാണ് പാർട്ടി തീരുമാനം.
രാഷ്ട്രീയപരമായും നിയമപരമായും ഒരുപോലെ നേരിടണമെന്നാണ് സിസി യിൽ അഭിപ്രായം ഉണ്ടായത് . പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ഗവർണറെ ഭരണത്തിൽ ഇടപെടുന്ന മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടെ അണി ചേർത്ത് ദേശീയ തലത്തിൽ പ്രതിരോധം തീർക്കാനാണ് ആലോചന. തമിഴ്നാട്ടിലെ ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ തേടാനാണ് പാർട്ടി ആലോചിക്കുന്നത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
Read Also: സിപിഐ-സിപിഎം പോര്, സിപിഐ ഓഫീസിലെ കൊടിയഴിച്ചുമാറ്റി ഡിവൈഎഫ്ഐ കൊടി കെട്ടി, സംഭവം എടച്ചേരിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam