
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം. ഇതുൾപ്പടെ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കിടയാക്കിയ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റി നേരിട്ട് വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി.
കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല.
സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തിരുത്തലിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെക ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.
ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല. എന്നാൽ കേന്ദ്രനയത്തിന് സംസ്ഥാന ഘടകം എതിരു നില്ക്കുന്ന എന്ന മാധ്യമ വ്യാഖ്യാനം ശരിയല്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വിശദീകരണം. കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു. എന്തായാലും പഴയതു പോലെ സംസ്ഥാന ഘടകം പറയുന്നത് അതേപടി അംഗീകരിച്ച് പോകില്ല എന്ന സന്ദേശമാണ് കേന്ദ്ര തലത്തിൽ നടന്ന ചർച്ചകൾ നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam