'അതെല്ലാം കള്ളകഥ', ഏതെങ്കിലും വ്യക്തികൾക്കെതിരെ വിമർശനമുണ്ടായിട്ടില്ല; മാധ്യമ വിർമശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

Published : May 08, 2026, 04:52 PM IST
CPM

Synopsis

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വ്യക്തിപരമായ വിമർശനങ്ങൾ നടന്നുവെന്ന വാർത്തകൾ സിപിഎം നേതൃത്വം തള്ളി. മാധ്യമങ്ങൾ പാർട്ടിയെ ഇകഴ്ത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും, സ്വയം വിമർശനപരമായ ചർച്ചകളാണ് നടന്നതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾക്കെതിരെ വിമർശനവുമായി പാർട്ടി നേതൃത്വം. സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ കള്ളക്കഥ പ്രചരിപ്പിക്കുന്നുവെന്നാണ് സി പി എമ്മിന്‍റെ വിമർശനം. ഇക്കാര്യം വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കുകയും ചെയ്തു. സ്വയം വിമർശനപരമായ ചർച്ചകൾ സെക്രട്ടറിയേറ്റിൽ ഉണ്ടായി. എന്നാൽ ഏതെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ച് സെക്രട്ടറിയേറ്റിൽ വിമർശനം ഉണ്ടായില്ല. പാർട്ടിയെ ഇകഴ്ത്താനാണ് മാധ്യമങ്ങളുടെ ശ്രമം. മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും സി പി എം സെക്രട്ടറിയേറ്റ് വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മുന്നണിയെ നയിച്ച പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വിമർശനങ്ങളുണ്ടായി എന്ന റിപ്പോർട്ടുകളാണ് സി പി എം തള്ളിക്കളഞ്ഞത്.

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്‌താവന

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നടന്ന ചര്‍ച്ചകളുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വസ്‌തുതാ വിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി പരാജയമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത്‌. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സര്‍ക്കാരിന്‌ തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നതാണ്‌. ഇത്‌ എന്തുകൊണ്ട്‌ സാധ്യമായില്ല എന്ന പ്രശ്‌നം വിശദമായി പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ ചര്‍ച്ച ചെയ്യുകയുണ്ടായി. വന്ന പോരായ്‌മകളെ സംബന്ധിച്ച്‌ വിമര്‍ശനപരവും, സ്വയം വിമര്‍ശനപരവുമായ ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായി. ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളായിരുന്നില്ല ഉയര്‍ന്നുവന്നത്‌. വന്ന പോരായ്‌മകള്‍ പാര്‍ടിയിലുടനീളം പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഐക്യകണ്‌ഠേന തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല്‍ ഈ പരാജയത്തെ അതിജീവിക്കാന്‍ കഴിയുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഐക്യകണ്‌ഠേനയെടുത്ത ഇത്തരം തീരുമാനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും, പാര്‍ടിക്കകത്ത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്‌ ഇത്തരം മാധ്യമങ്ങള്‍ നടത്തുന്നത്‌. പാര്‍ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ മറ്റൊരു മുഖമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. ഇത്തരം പ്രചരണങ്ങളെ തള്ളിക്കളയണമെന്ന്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ തുടങ്ങിയത് ദില്ലിയിലേക്ക്! ലോക്സഭ സ്പീക്കർക്ക് കനിമൊഴിയുടെ കത്ത്, ഇനി കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ല
മാന്ത്രിക സംഖ്യയ്ക്കരികെ ടിവികെ, സിപിഎമ്മിന്‍റെയും സിപിഐയുടെയും പിന്തുണ ഉറപ്പിച്ചു; വിജയ് മുഖ്യമന്ത്രിയാകാൻ സാധ്യതയേറി