
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അട്ടിമറി നീക്കങ്ങൾ ഉണ്ടായെന്ന് വെളിപ്പെടുത്തി സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. തമിഴ്‌നാട്ടിലെ ജനവിധി അട്ടിമറിച്ച് എ ഐ എ ഡി എം കെ സർക്കാർ രൂപീകരിക്കാൻ ഗൂഢനീക്കം നടന്നതായാണ് ബേബിയുടെ വെളിപ്പെടുത്തൽ. ബി ജെ പിയെ പിൻവാതിലിലൂടെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡി എം കെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിലയിലുള്ള അട്ടിമറി ശ്രമങ്ങളാണ് എ ഐ എ ഡി എം കെയെ മുൻനിർത്തി ഉണ്ടായത്. എന്നാൽ ഇടതുപാർട്ടികളും വി സി കെയും അതിന് തയ്യാറായില്ലെന്നും ബേബി വെളിപ്പെടുത്തി. തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടിയെ അധികാരത്തിലെത്തിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അത്തരമൊരു നീക്കം സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന എം കെ സ്റ്റാലിനുമായി നടത്തിയ ചർച്ചയുടെ വിവരങ്ങൾ പുറത്ത് പറയുന്നില്ലെന്നും അത് മര്യാദയല്ലെന്നും സിപിഎം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ബി ജെ പി നീക്കം മണത്തതോടെയാണ് തമിഴ്നാട്ടിൽ കാര്യങ്ങൾ മാറിമറിഞ്ഞതെന്നും വിജയ് സർക്കാർ രൂപീകരണത്തിന് സി പി എം അടക്കമുള്ള പാർട്ടികൾ പച്ചക്കൊടി കാട്ടിയതെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തമിഴ്നാട്ടിൽ ടി വി കെ സർക്കാർ രൂപികരിക്കാൻ അവകാശവാദം ഉന്നയിച്ച് വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഗവർണറെ കാണാൻ വിജയ് ലോക്ഭവനിലെത്തിയത്. ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എം എൽ എ മാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മുന്നാം വട്ടം എത്തിയത്. 108 എം എൽ എ മാരുള്ള ടി വി കെക്ക് കോൺഗ്രസ് 5, സി പി എം 2, സി പി ഐ 2, മുസ്ലിം ലീഗ് 2, വി സി കെ 1, എന്നീ എം എൽ എമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഗവർണർക്ക് പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് യെ സർക്കാർ രൂപികരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള അനുവാദവും ലഭിച്ചു. ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സി പി എം, സി പി ഐ, ലീഗ്, വി സി കെ ഓഫീസുകളിലേക്ക് എത്തും. നാളെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് ടി വി കെ അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam