
ദില്ലി : ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് സിപിഎം കേന്ദ്രനേതൃത്വം വിട്ടു നില്ക്കും. സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്.
ഭാരത് ജോഡോ യാത്ര ഈ മാസം മുപ്പതിന് ജമ്മുകശ്മീരിൽ സമാപിക്കുമ്പോൾ നടക്കുന്ന റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു. ക്ഷണം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇടതുമുന്നണിയിലുള്ള എൻസിപി, കേരള കോൺഗ്രസ് എം എന്നീ പാർട്ടികളും പങ്കെടുക്കുമെന്ന് വ്യക്താക്കി. എന്നാൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങിൽ നിന്ന് വിട്ടു നില്ക്കും. ക്ഷണം സ്വീകരിക്കണം എന്ന നിലപാടായിരുന്നു യെച്ചൂരിക്കെങ്കിലും കേരള ഘടകം ശക്തമായി എതിർത്തു. യാത്ര തുടങ്ങിയ സമയത്ത് പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്നാണ് കേരളത്തിലെ നേതാക്കൾ വാദിക്കുന്നത്. കേരളത്തിൽ ഭാരത് ജോഡോ യാത്ര കോൺഗ്രസ്, സിപിഎമ്മിനെതിരായ നീക്കമാക്കി. അതിനാൽ കോൺഗ്രസിന്റെ ക്ഷണം സിപിഎം ക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതാക്കൾ നിലപാടെടുത്തു.
എന്നാൽ ജമ്മുകശ്മീരിലെ പ്രതിപക്ഷ സഖ്യത്തിൻറെ പേരിൽ സംസ്ഥാനത്തെ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ മൊഹമ്മദ് യൂസഫ് തരിഗാമി റാലിയിൽ പങ്കെടുത്തേക്കും. ത്രിപുരയിൽ കോൺഗ്രസ് സിപിഎം അടവുനയത്തിന് ചർച്ചകൾ നടക്കുമ്പോഴാണ് ഭാരത് ജോഡോ യാത്രയിൽ നിന്ന് യെച്ചൂരി വിട്ടുനില്ക്കുന്നത്. ത്രിപുരയിൽ ജനാധിപത്യം സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും നാളെ സംയുക്ത റാലി നടത്തുന്നുണ്ട്. പാർട്ടി പതാകകൾക്ക് പകരം എന്നാൽ ദേശീയ പതാക റാലിയിൽ ഉപയോഗിക്കാനാണ് ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam