Asianet News MalayalamAsianet News Malayalam

ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ ഐക്യ വേദിയാകും; സിപിഎം അടക്കം 21  പാർട്ടികളെ ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ

സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്

21 political parties got invitation to rahul gandhi bharat jodo yathra closing ceremony
Author
First Published Jan 11, 2023, 8:46 PM IST

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി, ചന്ദ്രശേഖർ റാവുവിൻ്റെ ബി ആർ എസ് , ഗുലാം നബി ആസാദിൻ്റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നിവയ്ക്ക് സമാപനയോഗത്തിലേക്ക് ക്ഷണം നൽകിയിട്ടില്ല. ഈ മാസം 30 ന് ശ്രീനഗറിലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.

2022 സെപ്തംബർ മാസം 7 ാം തിയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര അഞ്ച് മാസം പിന്നിട്ട് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് കശ്മീരിൽ ഈ മാസം 30 ന് അവസാനിക്കുക. 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോയത്.  3,570 കിലോമീറ്റര്‍ പിന്നിട്ടാകും  ജനുവരി 30 ന് കശ്മീരിൽ സമാപിക്കുക. ഇപ്പോൾ ജാഥ പഞ്ചാബിലൂടെയാണ് പര്യടനം നടത്തുന്നത്.

ഓറഞ്ച് ടർബനണിഞ്ഞ് സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന, രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലിദൾ

അതേസമയം ബി ജെ പിയുടെ ബഹിഷ്ക്കരണാഹ്വാനം തള്ളി ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് എല്ലായിടത്തും ദൃശ്യമാകുന്നത്. സിഖ് വികാരം ഇളക്കാന്‍ ശ്രമിച്ച് ശരോമണി അകാലിദളും യാത്രക്കെതിരെ നിലപാടെടുത്തിരുന്നു. ആർ എസ് എസോ, ബി ജെ പിയോ ശ്രമിച്ചാല്‍ യാത്ര തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിക്കുകയും ചെയ്തു. ആർ എസ് എസും ബി ജെ പിയും ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും ഭാഷയുടെയും മതത്തിന്‍റെയും ദേശത്തിന്‍റെയുമൊക്കം പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ പഞ്ചാബിലെ യാത്രക്കിടെ പറഞ്ഞു. യാത്ര പരാജയപ്പെടുമെന്നാണ് ബി ജെ പിയും ആർ എസ് എസും കരുതിയതെന്നും പഞ്ചാബിലെ ആള്‍ക്കൂട്ടവും അവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി. ചുവന്ന സിഖ് തലപ്പാവ് ധരിച്ചാണ് പഞ്ചാബിലെ യാത്രയിൽ ഇന്ന് രാഹുല്‍ നടന്നത്.
 

Follow Us:
Download App:
  • android
  • ios