പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാൻ അറസ്റ്റിൽ

By Web TeamFirst Published Apr 28, 2024, 9:05 AM IST
Highlights

ഉസ്മാൻ ഗനിയെ നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെ, മന്ത്രി അനുരാഗ് താക്കൂറിന്‍റെ വിദ്വേഷ പ്രസംഗ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് തുറന്നു കാട്ടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി

ദില്ലി: മുസ്ലീങ്ങൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വി​ദ്വേഷ പ്രസം​ഗത്തെ വിമർശിച്ച മുൻ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപിയുടെ ബിക്കാനീർ ന്യൂനപക്ഷ സെൽ മുൻ ചെയർമാൻ ഉസ്മാൻ ​ഗനിയെയാണ് സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, മോദിയുടെ പ്രസം​ഗത്തിൽ ബിജെപി  തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ വിശദീകരണം നല്‍കിയേക്കും.   

രാജസ്ഥാനിലെ ബൻസ്വാരയിലെ റാലിയിൽ 21 ന് മോദി നടത്തിയ വിദ്വേഷ പരാമർശത്തിനെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചതിന് ഉസ്മാൻ ഗനിയെ നേരത്തെ ബിജെപിയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ഇന്നലെ മുക്ത നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ മുസ്ലീം വിഭാഗക്കാ‌ർ കടുത്ത അതൃപ്തിയിലാണെന്നും, പ്രചാരണത്തിന് പോകുമ്പോൾ ജനങ്ങൾ മോദിയുടെ പരാമർശത്തിൽ തന്നോടാണ് വിശദീകരണം ചോദിക്കുന്നതെന്നും ഗനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

ഗനി മാധ്യമങ്ങളോട് പ്രതികരിച്ച ദിവസം മുൻകരുതലെന്നോണം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ പൊലീസ് വാഹനം അയച്ചിരുന്നു. വാഹനം അയച്ചത് ചോദ്യം ചെയ്ത് സ്റ്റേഷനിലെത്തിയ ഗനി ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കിയെന്നും തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു.

ഇതിനിടെ  വിദ്വേഷ പരാമർശം നടത്തിയ മന്ത്രി അനുരാഗ് താക്കൂറിന്റെ ഹിമാചൽ പ്രദേശിലെ പ്രസംഗത്തെിനെതിരെ കോൺഗ്രസ് നിലപാട് കടുപ്പിക്കുകയാണ്. പ്രസംഗത്തിനെതിരെ നേരത്തെ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഉടൻ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കമ്മീഷന്റെ നിലപാട് സമൂഹമാധ്യമങ്ങളിലൂടെയടക്കം തുറന്നുകാട്ടുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കാപ്പിത്തോട്ടത്തിനുള്ളിൽ കാട്ടാന ചരിഞ്ഞ നിലയിൽ, തെങ്ങ് മറിച്ചിട്ടപ്പോള്‍ ഷോക്കേറ്റതെന്ന് സംശയം

 

click me!