കോടതിയെ പറ്റിച്ച് പൊലീസുകാരൻ തട്ടിയത് കോടികൾ, പണം സ്വ‍ർണമാക്കി എസ്ഐആയ കാമുകിക്കൊപ്പം ഒളിച്ചോട്ടം, 4 മാസത്തിന് ശേഷം പിടിയിൽ

Published : Jul 23, 2025, 06:18 PM ISTUpdated : Jul 23, 2025, 06:21 PM IST
Delhi Police

Synopsis

സൈബർ കുറ്റവാളികളെ കണ്ടെത്തുന്നതിൽ വിദഗ്ധൻ. ഇരകളാക്കപ്പെട്ടവർക്ക് നൽകാനുള്ള പണവുമായി മുങ്ങി. ഒപ്പം അടുത്ത സ്റ്റേഷനിലെ പൊലീസുകാരിയും 

ഇൻ‍ഡോർ: കാണാതാകും മുൻപ് വരെ വിശ്വസ്തതയ്ക്കും കൃത്യ നിർവഹണത്തിനോടുള്ള ആത്മാർത്ഥതയ്ക്കും പേരെടുത്ത സബ് ഇൻസ്പെക്ടർ. സൈബർ കുറ്റവാളികളെ തെര‌ഞ്ഞ് കണ്ടെത്തുന്ന വിദഗ്ധൻ. സൈബർ കുറ്റവാളികളിൽ നിന്ന് പിടിച്ചെടുത്ത പണം തിരിച്ച് നൽകാനുള്ള ചുമതല നൽകിയത് വീഴ്ചകൾ വരുത്താതെയുള്ള പ്രവർത്തനത്തിന്റെ പേരിലായിരുന്നു. എന്നാൽ സൈബർ കുറ്റവാളികളുടെ പേരിൽ ആൾമാറാട്ടം നടത്തി സബ് ഇൻസ്പക്ടർ തട്ടിയത് കോടികൾ. പിന്നാലെ മറ്റൊരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ കാമുകിയേയും കൂട്ടി ഗോവയിലും മണാലിയിലും അടക്കം നിരവധി വിനോദ സ‌‌ഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. മെഡിക്കൽ ലീവ് എടുത്ത ശേഷം പെട്ടന്ന് ഒരു ദിവസം കാണാതായ സബ് ഇൻസ്പെക്ടറെ തിരഞ്ഞ് പൊലീസുകാർ അല‌ഞ്ഞത് മാസങ്ങൾ.

ദില്ലിയിലാണ് സിനിമയെ വെല്ലുന്ന പൊലീസുകാരുടെ തട്ടിപ്പിന് കളമൊരുങ്ങിയത്, 2021 ബാച്ച് പൊലീസ് ഉദ്യോഗസ്ഥനായ അങ്കുർ മാലിക് ഇതേ ബാച്ചിലെ സബ് ഇൻസ്പെക്ടർ ആയ നേഹ പൂനിയ എന്നിവരെയാണ് മാസങ്ങൾ നീണ്ട തെരച്ചിലിന് ശേഷം കണ്ടെത്തിയത്. വിവാഹിതരായ രണ്ട് ഉദ്യോഗസ്ഥരും അവിഹിത ബന്ധത്തിൽ ഏർപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അങ്കുർ മാലികിന്റെ ഭാര്യ ഉത്തർ പ്രദേശിലെ ബറൗത്തിലാണ് താമസിക്കുന്നത്. അതേസമയം ദില്ലി റോഹിണിയിലാണ് നേഹ പൂനിയയുടെ ഭർത്താവ് താമസിക്കുന്നത്. 2021ലാണ് പൊലീസ് ഉദ്യോഗസ്ഥർ ചങ്ങാതികളാവുന്നത്. വിവാഹിതരാണെങ്കിലും സുഹൃത് ബന്ധം പ്രണയമാകാൻ അധികസമയം എടുത്തില്ല. ഏറെ നാളുകൾ നീണ്ട പദ്ധതിയിലാണ് വീട്ടുകാരേയും പൊലീസിനേയും ഒരു പോലെ പറ്റിക്കാനുള്ള പദ്ധതി രണ്ട് പൊലീസുകാരിട്ടത്.

ദില്ലി പൊലീസിന് തലവേദനയായ നിരവധി സൈബര്‍ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് അതിവേഗത്തില്‍ അങ്കുര്‍ മാലിക്ക് പരിഹരിച്ചത്. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത പണം യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതലയും അങ്കുർ മാലിക് ഏറ്റെടുക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവർക്ക് പണം നിക്ഷേപിക്കുന്നതിന് മുൻപ് ഏഴ് ദിവസത്തെ മെഡിക്കൽ ലീവ് എടുത്ത ഉദ്യോഗസ്ഥൻ പിന്നെ സ്റ്റേഷനിലേക്ക് വന്നില്ല. ഇതേ സമയത്ത് തന്നെയാണ് സമീപ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും ലീവ് എടുക്കുന്നത്. ഇവരേക്കുറിച്ചും പിന്നീട് വിവരമൊന്നും ഇല്ലാതെ വന്നതോടെയാണ് പൊലീസ് അന്വേഷണത്തിനിറങ്ങിയത്. പരാതിക്കാര്‍ ആരും എത്തിയില്ലെന്ന് വിശദീകരിക്കുന്ന വ്യാജരേഖകള്‍ കോടതിയിൽ സമർപ്പിച്ച് പ്രത്യേക ഉത്തരവ് നേടിയാണ് അങ്കുർ മാലിക് പണം തട്ടിയത്. 2 കോടിയിലേറെ രൂപയാണ് ഇത്തരത്തിൽ പൊലീസുകാർ ചേർന്ന് അടിച്ച് മാറ്റിയത്. പണം സ്വ‍ർണമായി മാറ്റിയ ശേഷം രണ്ടു പേരും കൂടി മണാലി, ഗോവ, കശ്മീര്‍ എന്നിങ്ങനെ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തി.

ഒരു കോടിയിലേറെ വില വരുന്ന സ്വർണം, 12 ലക്ഷം രൂപ, 11 മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്, മൂന്ന് എടിഎം കാര്‍ഡുകള്‍ എന്നിവയാണ് പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശിലെ പ്രാന്ത പ്രദേശത്ത് സ്ഥിര താമസത്തിന് ഒരുങ്ങുന്നതിനിടയിലാണ് ദില്ലി പൊലീസ് ഇരുവരേയും കണ്ടെത്തുന്നത്. ദില്ലിയിലെ വടക്ക് കിഴക്കൻ സൈബർ പൊലീസിലായിരുന്നു അങ്കുർ മാലിക് ജോലി ചെയ്തിരുന്നത്. അതേസമയം ജിടിബി എൻക്ലേവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നേഹ പൂനിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം