ആശങ്കയൊഴിയുന്നു; അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി, 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും

Published : Oct 29, 2026, 09:08 AM IST
Cyclone Arnab Update

Synopsis

അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

വിശാഖപട്ടണം: ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും. ആന്ധ്രാ തീരത്ത് സ്ഥിതി ചെയ്യുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞു. അതേസമയം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻടിആർ, ഗുണ്ടൂർ തുടങ്ങിയ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ശ്രീകാകുളത്തും മഴ മുന്നറിയിപ്പുണ്ട്. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിശാഖപട്ടണത്താണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ പെയ്തത് 21 സെന്റീമീറ്റർ മഴയാണ്.

ആന്ധ്രാപ്രദേശിൽ അർണബ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ വൻ നാശനഷ്ടങ്ങളെ തുടർന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കേന്ദ്ര സഹായം തേടി. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച ചന്ദ്രബാബു നായിഡു, വിവിധ ജില്ലകളിലെ അവസ്ഥ വിശദീകരിച്ചു. ചുഴലിക്കാറ്റ് കാരണം 70,000 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായെന്ന് മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു. ഇതിനുപുറമെ 10,500 ഹെക്ടറിലെ തോട്ടവിളകൾക്കും വലിയ നാശനഷ്ടമുണ്ടായി. വീടുകൾ, റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയും വ്യാപകമായി തകർന്നിട്ടുണ്ട്. ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശം കുറയ്ക്കാൻ സംസ്ഥാന സർക്കാർ എടുത്ത മുൻകരുതലുകളും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു.

നാശനഷ്ടങ്ങളുടെ പ്രാഥമിക റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന് അയക്കുന്നുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര സംഘത്തെ ഉടൻ അയക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും മുഖ്യമന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചു. ചുഴലിക്കാറ്റ് ദുരന്തം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചന്ദ്രബാബു നായിഡു സഹായം അഭ്യർത്ഥിച്ചു. അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. നാശനഷ്ടങ്ങൾ വിലയിരുത്താൻ വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം കൊണസീമ, വെസ്റ്റ് ഗോദാവരി ജില്ലകൾ സന്ദർശിക്കും.

വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്കും നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും സർക്കാർ പ്രത്യേക സഹായം നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് 25 കിലോ അരി നൽകും. നെയ്ത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും 50 കിലോ അരിയും ഒരുകിലോ വീതം സവാള, പാചക എണ്ണ, പരിപ്പ് എന്നിവയും ലഭിക്കും. ഇതിനുപുറമെ ഒരാൾക്ക് 1,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്
സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ ഇളവ്; തമിഴ്നാട്ടിൽ നിർണായക ഉത്തരവുമായി മുഖ്യമന്ത്രി വിജയ്